റിയാദ്: കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ ഒഐസിസി നേതാക്കൾ സന്ദർശിച്ച് പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ സംബന്ധിച്ച് വിശദമായ ചർച്ച നടത്തി. കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്ന മലയാളി പ്രവാസികൾ അനുഭവിക്കുന്ന സാമ്പത്തിക, സാമൂഹിക, കുടുംബപരമായ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
പ്രവാസികളുടെ ക്ഷേമം സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്നും വരും നാളുകളിൽ പ്രവാസികൾക്കായി പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ഒഐസിസി നേതാക്കൾ അറിയിച്ചു. വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ കുടുംബങ്ങൾക്ക് കൂടുതൽ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്ന ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിനും സർക്കാർ മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതായി നേതാക്കൾ പറഞ്ഞു.
പ്രവാസി മലയാളികൾ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്നവരാണെന്നും അവരുടെ ക്ഷേമം ഉറപ്പാക്കുന്നത് സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തങ്ങളിലൊന്നാണെന്നും കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടതായി നേതാക്കൾ അറിയിച്ചു. തൊഴിൽ, ഇൻഷുറൻസ്, ആരോഗ്യ പരിരക്ഷ, മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം തുടങ്ങിയ വിഷയങ്ങളും ചർച്ചയിൽ ഉൾപ്പെട്ടിരുന്നു.
മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഒഐസിസി സൗദി നാഷണൽ കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് കോലത്ത് ശ്രീജിത്ത്, ഒഐസിസി നേതാവ് നാസർ ലൈസ്, ഡോ. ആസാദ് എന്നിവർ പങ്കെടുത്തു. പ്രവാസികളുടെ ആവശ്യങ്ങൾ സർക്കാരിന്റെ മുന്നിലെത്തിക്കാനുള്ള അവസരം ലഭിച്ചതിൽ നേതാക്കൾ മുഖ്യമന്ത്രിയോട് നന്ദി അറിയിച്ചു.

