കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവിന് ഇരയായ ഹർഷിന ഇന്ന് സർക്കാർ ജോലിയില്‍ പ്രവേശിക്കും. മെഡിക്കല്‍ കോളേജിലെ മാതൃശിശു കേന്ദ്രത്തില്‍ ഓഫീസ് അറ്റൻഡറായാണ് നിയമനം.രാവിലെ പത്ത് മണിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ടില്‍ നിന്നും ഹർഷിന നിയമന ഉത്തരവ് കൈപ്പറ്റും. ഇന്നലെ മുഖ്യമന്ത്രി വി ഡി സതീശനുമായും ആരോഗ്യ മന്ത്രി കെ മുരളീധരനുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഹർഷിനയ്ക്ക് സർക്കാർ ജോലി നല്‍കിയത്.
2017ലാണ് പ്രസവ ശസ്ത്രക്രിയക്കിടെ അടിവാരം സ്വദേശി ഹർഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. 2022ലാണ് അത് കണ്ടെത്തി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്കിടെ മറന്നുവച്ച ഉപകരണം, മൂത്രസഞ്ചിയില്‍ തറച്ച് നില്‍ക്കുകയായിരുന്നു. 12 സെന്റിമീറ്റര്‍ നീളവും 6 സെന്റിമീറ്റര്‍ വീതിയുമുള്ള ഉപകരണമാണ് തറച്ച് നിന്നത്. മൂത്ര സഞ്ചിയില്‍ മുഴയുമുണ്ടായി. വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ഗുണമുണ്ടായില്ല. സ്വകാര്യ ആശുപത്രിയിലെ സിടി സ്കാനിംഗിലാണ് മൂത്രസഞ്ചിയില്‍ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണം തറച്ച് നില്‍ക്കുന്നത് കണ്ടെത്തുന്നത്. തുടർന്ന് മെഡിക്കല്‍ കോളേജില്‍ വെച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു.
മെഡിക്കല്‍ കോളേജിലെ ഡോക്ടർമാരുടെ ഭാഗത്ത് അനാസ്ഥയില്ല എന്നായിരുന്നു കോളേജിലെ അന്വേഷണ റിപ്പോർട്ട്. മറ്റേതോ ആശുപത്രിയിലെ ശസ്ത്രക്രിയയില്‍ സംഭവിച്ച പിഴവാകാമെന്ന വിശദീകരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ ആദ്യം നല്‍കിയത്. തുടർന്ന് ഹർഷിന പൊലീസില്‍ പരാതി നല്കി. മെഡിക്കല്‍ കോളേജ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും പ്രതികളായി. കുറ്റപത്രം പൊലീസ് സമർപ്പിച്ചെങ്കിലും ഡോക്ടർമാർ കോടതിയെ സമീപിച്ചതോടെ വിചാരണ സ്റ്റേ ചെയ്യാൻ ഉത്തരവിട്ടു. ഹർഷിനയ്ക്ക് അർഹമായ നഷ്ടപരിഹാരം നല്‍കാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ഉറപ്പു നല്കി. വീട് അറ്റകുറ്റപണി നടത്തുമെന്നും സർക്കാർ ഉറപ്പ് നല്കി.

