റിയാദ്: റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ചുമതലയിൽ നിയമിതയായ കോഴിക്കോടൻസ് മെമ്പറും പ്രമുഖ വിദ്യാഭ്യാസ – സാംസ്‌കാരിക പ്രവർത്തകുമായ മൈമൂന അബ്ബാസിനെ ആദരിച്ചു. റിയാദ് എക്സിറ്റ് 18 ൽ നടന്ന കോഴിക്കോടൻസ് ‘പെരുന്നാൾ രാവ്’ പരിപാടിയിൽ വെച്ചായിരുന്നു ആദരം. മൂന്ന് പതിറ്റാണ്ടിലധികം റിയാദിൽ അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന മൈമൂന ടീച്ചർക്ക് ലഭിക്കുന്ന ഈ അംഗീകാരം ഇന്ത്യൻ സമൂഹത്തിനും പ്രത്യേകിച്ച് മലയാളി സമൂഹത്തിനും ഏറെ അഭിമാനമാണെന്ന് ചടങ്ങിൽ പ്രസംഗിച്ചവർ അഭിപ്രായപ്പെട്ടു. പിന്നിട്ട കാലയളവിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഏറെ സന്തോഷമുണ്ടെന്നും തൻ്റെ അധ്യാപന ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം ലോകത്താകമാനം പരന്നുകിടക്കുന്ന, അത്യുന്നത പദവികളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് തൻ്റെ ശിഷ്യന്മാരാണെന്ന് മൈമൂന ടീച്ചർ അഭിപ്രായപ്പെട്ടു. റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസി’നോടും റിയാദിലെ മലയാളി സമൂഹത്തോടും ടീച്ചർ നന്ദി രേഖപ്പെടുത്തി.
ചടങ്ങിൽ കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ കെസി ഷാജു അധ്യക്ഷനായിരുന്നു. ചടങ്ങിൽ ബഷീർ പരാഗൺ, വി കെ കെ അബ്ബാസ്, ഫൗണ്ടർ മെമ്പർ മുനീബ് പാഴൂർ, മുൻ ചീഫ് ഓർഗനൈസർമാരായ ഹർഷദ് ഫറോക്ക്, സഹീർ മുഹ്‌യുദ്ധീൻ, റാഫി കൊയിലാണ്ടി, കബീർ നല്ലളം എന്നിവർ സംസാരിച്ചു. അനിൽ മാവൂർ സ്വാഗതം പറഞ്ഞു. നിഹാദ് അൻവർ, മുഹമ്മദ് ഷാഹിൻ, അബ്ദുൽ റഷീദ് പൂനൂർ, അൻസാർ കൊടുവള്ളി, മുഹമ്മദ് ആഷിഫ്, നിസാം ചെറുവാടി, സിടി സഫറുള്ള, ഫരീദ ബഷീർ, മുംതാസ് ഷാജു, സജീറ ഹർഷദ്, ശാലിമ റാഫി, സുമിത മുഹുയുദ്ധീൻ, ഫിജിന കബീർ എന്നിവർ സന്നിഹിതരായിരുന്നു.

