ലോക കയാക്കിങ് താരങ്ങൾ വീണ്ടും മലബാറിലേക്ക്,ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് മേള ,ജൂലൈ 30 മുതൽ

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് മത്സരവും ഇന്ത്യയിലെ ഏറ്റവും വലിയ സാഹസിക കായിക മേളയുമായ മലബാർ റിവർ ഫെസ്റ്റിവലിന്റെ 12-ാമത് എഡിഷൻ 2026 ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിൽ കോഴിക്കോട് നടക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈറ്റ് വാട്ടർ കയാക്കിങ് താരങ്ങൾ പങ്കെടുക്കുന്ന ദക്ഷിണേന്ത്യയിലെ ഏക അന്തർദേശീയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പാണിത്.
ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന്റെ അധ്യക്ഷതയിൽ നിയമസഭാ മന്ദിരത്തിൽ ചേർന്ന ആലോചനാ യോഗത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി. എല്ലാ വർഷവും ജൂലൈ അവസാനവാരം മലബാർ റിവർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.

കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (കെഎടിപിഎസ്), ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി), ത്രിതല പഞ്ചായത്തുകൾ എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷന്റെ (ഐകെസിഎ) സാങ്കേതിക സഹകരണവും ലഭ്യമാകും.

ചാലിയാറിന്റെ ഉപനദികളായ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമാണ് മത്സരങ്ങൾ അരങ്ങേറുക. കയാക്ക് സ്ലാലോം, ബോട്ടർ ക്രോസ്, ഡൗൺ റിവർ റേസ്, സൂപ്പർ ഫൈനൽ എക്സ്ട്രീം റേസ് എന്നിവയാണ് പ്രധാന മത്സര ഇനങ്ങൾ. അതിവേഗവും അതിസാഹസികതയും നിറഞ്ഞ മത്സരങ്ങളിലൂടെ ലോകോത്തര കയാക്കർമാർ മാറ്റുരയ്ക്കുന്ന വേദിയായാണ് മലബാർ റിവർ ഫെസ്റ്റ് അറിയപ്പെടുന്നത്.
ചാമ്പ്യൻഷിപ്പിൽ വിജയിക്കുന്ന പുരുഷ താരത്തിന് ‘റാപിഡ് രാജ’, വനിതാ താരത്തിന് ‘റാപിഡ് റാണി’ എന്നീ ബഹുമതികൾ സമ്മാനിക്കും.

ദക്ഷിണേന്ത്യയിൽ വൈറ്റ് വാട്ടർ കയാക്കിങ് കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുകയും കേരളത്തിന്റെ സാഹസിക ടൂറിസം സാധ്യതകളെ ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധേയമാക്കുകയും ചെയ്യുക എന്നതാണ് ഫെസ്റ്റിവലിന്റെ പ്രധാന ലക്ഷ്യം. കേരളത്തിന്റെ അഡ്വഞ്ചർ ടൂറിസം മേഖലയെ അന്തർദേശീയ തലത്തിൽ ശ്രദ്ധേയമാക്കിയ പ്രധാന ഇവന്റുകളിലൊന്നായി മലബാർ റിവർ ഫെസ്റ്റിവൽ മാറിക്കഴിഞ്ഞു. സംസ്ഥാനത്തിന്റെ ടൂറിസം ബ്രാൻഡിങിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ പിന്തുണ നൽകുന്ന വേദിയായും ഇത് വിലയിരുത്തപ്പെടുന്നു.
ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വൈറ്റ് വാട്ടർ കയാക്കിങ് താരങ്ങൾ പങ്കെടുക്കുന്ന ഫെസ്റ്റിവലിൽ ഇത്തവണ 20-ലധികം രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര കയാക്കർമാരെയും 100-ലധികം ദേശീയ കയാക്കിങ് താരങ്ങളെയും പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.

കഴിഞ്ഞ 11 എഡിഷനുകളും ജനപങ്കാളിത്തത്തിലും അന്തർദേശീയ മത്സരാർഥികളുടെ സാന്നിധ്യത്തിലും വൻ വിജയമായിരുന്നു. കഴിഞ്ഞ വർഷം അമേരിക്ക, ന്യൂസിലാൻഡ്, ചിലി, റഷ്യ, ബെൽജിയം, ഇറ്റലി, മലേഷ്യ, ഉക്രൈൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി 18 വിദേശ താരങ്ങളും 85-ലധികം ഇന്ത്യൻ കയാക്കർമാരും പങ്കെടുത്തു. അരലക്ഷത്തിലധികം കാണികൾ സാക്ഷ്യം വഹിച്ചു.
പ്രാദേശിക യുവാക്കളെ വൈറ്റ് വാട്ടർ കയാക്കിങിലേക്ക് ആകർഷിക്കുന്നതിനായി പ്രാദേശിക തുഴച്ചിൽക്കാർക്കായുള്ള പ്രത്യേക മത്സര വിഭാഗങ്ങളും ഇത്തവണ ഒരുക്കും. മലബാറിൽ പുതിയ തലമുറ കയാക്കർമാരെ വളർത്തിയെടുക്കുന്നതിനുള്ള പ്രധാന പ്ലാറ്റ്ഫോമായും ഫെസ്റ്റിവൽ മാറിയിട്ടുണ്ട്.

ഫെസ്റ്റിവലിന്റെ പ്രചരണാർത്ഥം കോഴിക്കോട് ജില്ലയിലെ എട്ട് പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി വിവിധ സാഹസിക കായിക പരിപാടികൾ ഉൾപ്പെടുന്ന പ്രീ-ഇവന്റുകൾ സംഘടിപ്പിക്കാനും തീരുമാനമായി.

ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് മുഖ്യ രക്ഷാധികാരിയായ സംഘാടക സമിതിയിൽ പ്രിയങ്ക ഗാന്ധി എംപി, തിരുവമ്പാടി, പേരാമ്പ്ര, കൊടുവള്ളി, കുന്നമംഗലം മണ്ഡലങ്ങളിലെ എംഎൽഎമാർ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ടൂറിസം സെക്രട്ടറി, ടൂറിസം ഡയറക്ടർ എന്നിവർ രക്ഷാധികാരികളായിരിക്കും.
കോഴിക്കോട് ജില്ലാ കലക്ടർ ചെയർമാനും കെഎടിപിഎസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഓർഗനൈസിങ് സെക്രട്ടറിയുമായിരിക്കും.

വിവിധ സബ് കമ്മിറ്റികളുടെ രൂപീകരണത്തിനായുള്ള സംഘാടക സമിതി യോഗം ജൂൺ 1-ന് കോഴിക്കോട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കോഴിക്കോട് ചേരും.

ആലോചനാ യോഗത്തിൽ എംഎൽഎമാരായ സി.കെ. കാസിം, പി.കെ. ഫിറോസ്, ഫാത്തിമ തഹ്ലിയ, ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, സാംസ്കാരിക വകുപ്പ് സെക്രട്ടറി ദിവ്യ എസ്. അയ്യർ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് എന്നിവരും വിവിധ വകുപ്പ് പ്രതിനിധികളും പങ്കെടുത്തു.

 

spot_img

Related Articles

Latest news