കുവൈറ്റില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. കുവൈറ്റിലെ ഇന്ത്യൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍ മരിച്ചയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

‘കുവൈറ്റ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്റെ ദാരുണമായ മരണത്തില്‍ കുവൈറ്റിലെ ഇന്ത്യൻ എംബസി അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ദുഃഖിതരായ കുടുംബവുമായി എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ട്. സംഭവത്തില്‍ പരിക്കേറ്റവർക്കും വിയോഗത്തില്‍ മരിച്ചവർക്കും സാദ്ധ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കുന്നതിന് കുവൈറ്റ് അധികൃതരുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്നു’- എംബസി സമൂഹമാദ്ധ്യമക്കുറിപ്പില്‍ വ്യക്തമാക്കി.

കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിലെ പാസഞ്ചർ കെട്ടിടമായ ടെർമിനല്‍ 1നു നേരെയാണ് ഇറാന്റെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ പാസഞ്ചര്‍ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സൗദ് അബ്ദുല്‍ അസീസ് അല്‍ഒതൈബി വ്യക്തമാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ഖേഷം ദ്വീപിന് നേരെ കഴിഞ്ഞ ദിവസം അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ കുവൈറ്റിലെയും ബഹ്‌റൈനിലെയും അമേരിക്കയുടെ സൈനിക താവളങ്ങള്‍ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളെ വിജയകരമായി തടഞ്ഞെന്ന് പറഞ്ഞ അമേരിക്ക ഇറാന്റെ അവകാശവാദം തള്ളി. ഇതിന് പിന്നാലെയാണ് കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആക്രമണമുണ്ടായത്.

spot_img

Related Articles

Latest news