കൊണ്ടോട്ടി: കോഴിക്കോട് – പാലക്കാട് ദേശീയപാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ട്രാവലർ ഡ്രൈവർ മരണപ്പെട്ടു. പാലക്കാട് വടവന്നൂർ സ്വദേശി രാജേഷാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പത്തുപേരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ കൊണ്ടോട്ടി പുളിക്കൽ പെരിയമ്പലത്ത് വെച്ചായിരുന്നു അപകടം.
കണ്ണൂർ കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് തീർത്ഥാടനത്തിന് പോയ ഭക്തർ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ട്രാവലറാണ് അപകടത്തിൽപെട്ടത്. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം പാലക്കാട് സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. പുളിക്കൽ പെരിയമ്പലത്ത് വെച്ച് എതിർദിശയിൽ നിന്നെത്തിയ ടിപ്പർ ലോറിയുമായി ട്രാവലർ നേർക്കു നേർ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാൻ പൂർണ്ണമായും തകർന്ന നിലയിലാണ്.
അപകടം നടന്നയുടൻ തന്നെ നാട്ടുകാരും പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനത്തിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ അതീവ പ്രയത്നത്തിലൂടെ പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രികളിൽ എത്തിച്ചെങ്കിലും ഡ്രൈവർ രാജേഷിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ചിലരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പിന്നീട് പൊലീസും ഫയർഫോഴ്സും ചേർന്ന് അപകടത്തിൽപെട്ട വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തിൽ കൊണ്ടോട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

