പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; നാട്ടിലേക്ക് വരാൻ ഇനി പുതിയ നിയമം, യാത്രയ്‌ക്ക് 24 മണിക്കൂർ മുമ്പ് ഒരു അപേക്ഷ പൂരിപ്പിക്കണം

രാജ്യത്തേക്കെത്തുന്ന യാത്രക്കാർക്കായി പുതിയ പോർട്ടൽ ആരംഭിച്ച് ഇന്ത്യൻ സിവിൽ ഏവിയേഷൻ അതോറിറ്റി. ഇനിമുതൽ ഇന്ത്യയിലേക്കെത്തുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർ അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സ്വയം സാക്ഷ്യപ്പെടുത്തുന്ന ഒരു അപേക്ഷ നിർബന്ധമായും പൂരിപ്പിച്ച് നൽകണം. എബോള രോഗം വ്യാപകമാകുന്നതിന് പിന്നാലെയാണ് പുതിയ നീക്കം. ‘എയർ സുവിധ 2.0’ എന്നാണ് ഇന്നലെ ആരംഭിച്ച പോർട്ടലിന്റെ പേര്.
വിദേശത്ത് നിന്നെത്തുന്ന യാത്രക്കാർ നി‌ബന്ധമായും ഈ പോർട്ടലിൽ കയറി അപേക്ഷ പൂരിപ്പിക്കണം. 21 ദിവസത്തെ യാത്രാ വിവരം, എബോള രോഗലക്ഷണങ്ങളുണ്ടോ തുടങ്ങിയ വിവരങ്ങൾ ഫോമിൽ ഉൾപ്പെടുത്തണം. ഇമിഗ്രേഷൻ ക്ലിയറൻസ് വൈകാതിരിക്കാൻ യാത്രയ്‌ക്ക് മുമ്പ് തന്നെ ഈ അപേക്ഷ പൂരിപ്പിച്ച് നൽകണം. ഇന്ത്യൻ ആരോഗ്യമന്ത്രാലയവും സിവിൽ ഏവിയേഷൻ മന്ത്രാലയവും ഡൽഹി ഇന്റ‌ർനാഷണൽ എയർപോർട്ട് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ‘എയർ സുവിധ 2.0’ പോർട്ടൽ. കൊവിഡ് കാലത്ത് നടപ്പിലാക്കി പിന്നീട് നിർത്തലാക്കിയ ‘എയർ സുവിധ’ പോർട്ടൽ കൂടുതൽ സുരക്ഷാ ഫീച്ചറുകളോടെ പരിഷ്‌കരിച്ചാണ് ‘എയർ സുവിധ 2.0’ ആക്കി മാറ്റിയിരിക്കുന്നത്.
*യാത്രക്കാർ ചെയ്യേണ്ടത്*
ഇന്ത്യയിലേക്ക് തിരിക്കുന്നതിന് 24 മണിക്കൂർ മുമ്പ് മുതൽ പോർട്ടലിൽ അപേക്ഷ പൂരിപ്പിക്കാവുന്നതാണ്. വിമാനത്തിൽ കയറുന്നതിനും ചെക്ക് ഇൻ ചെയ്യുന്നതിനും മുമ്പ് കർശനമായും അപേക്ഷ സമർപ്പിച്ചിരിക്കണം. എയർ സുവിധയുടെ ഔദ്യോഗിക പോർട്ടലിൽ അപേക്ഷ ലഭിക്കുന്നതാണ്. ഓൺലൈനായി അപേക്ഷ പൂരിപ്പിച്ചുകഴിഞ്ഞാൽ ഇതിന്റെ ഡിജിറ്റൽ കോപ്പി ഫോണിൽ സൂക്ഷിക്കണം. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ എത്തുമ്പോൾ ഇന്റർനാഷണൽ ട്രാവൽ ഹെൽത്ത് ഡെസ്‌കിലോ ഇമിഗ്രേഷൻ കൗണ്ടറിലോ ഇത് കാണിച്ചാൽ മതിയാകും. വിമാനത്താവളങ്ങളിൽ ഇതിനായി പേപ്പർ ഫോമുകൾ പൂരിപ്പിക്കേണ്ടതില്ല.

spot_img

Related Articles

Latest news