വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വൻ അപകടം.15ഓളം പേർ മരിച്ചതായാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ മരിച്ചവരുടെ കൃത്യമായ വിവരം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. മിൻ ഹുയ് ഫൂ ക്വോക്ക് ട്രേഡിംഗ് ടൂറിസം കമ്പനി പ്രവർത്തിപ്പിച്ചിരുന്ന ബോട്ടായ മേ റൂട്ട് എൻഗോയ് ദ്വീപില്‍ നിന്ന് അൻ തോയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. യാത്ര തിരിച്ച് ഏകദേശം 400 മീറ്റർ പിന്നിട്ടപ്പോഴേക്കും ഉച്ചയ്ക്ക് ഒരു മണിയോടെ ബോട്ട് തലകീഴായി മറിയുകയായിരുന്നു.
അപകടസമയത്ത് ബോട്ടില്‍ 32 യാത്രക്കാരും 3 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതില്‍ ഭൂരിഭാഗം പേരും ഇന്ത്യൻ വിനോദ സഞ്ചാരികളായിരുന്നു. ശക്തമായ കാറ്റും കടല്‍ക്ഷോഭവുമാണ് ബോട്ട് മറിയാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ വിയറ്റ്‌നാം ഭരണകൂടം സൈന്യം, പൊലീസ്, സിവില്‍ രക്ഷാപ്രവർത്തകർ എന്നിവരെ ഉള്‍പ്പെടുത്തി വലിയ തോതിലുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു. പ്രാദേശിക മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും ഇവർക്കൊപ്പം രക്ഷാപ്രവർത്തനത്തില്‍ പങ്കുചേർന്നിട്ടുണ്ട്. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് 23 പേരെ കടലില്‍ നിന്ന് രക്ഷപ്പെടുത്തി തീരത്തെത്തിച്ചിട്ടുണ്ട്. ഇവർക്ക് അൻ തോയ് തുറമുഖത്ത് അടിയന്തര പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. കാണാതായ മറ്റുള്ളവർക്കായി കടലില്‍ തിരച്ചില്‍ തുടരുകയാണ്.
സംഭവത്തെത്തുടർന്ന് വിയറ്റ്‌നാമിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികള്‍ അതീവ ശ്രദ്ധയോടെ നിരീക്ഷിച്ചു വരികയാണ്. ദുരന്തബാധിതരായ കുടുംബങ്ങളെ സഹായിക്കുന്നതിനായി ഹോ ചി മിൻ സിറ്റിയിലെ ഇന്ത്യൻ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസിലും ഹനോയിയിലെ ഇന്ത്യൻ എംബസിയിലും അടിയന്തര കണ്‍ട്രോള്‍ റൂമുകളും ഹെല്‍പ്പ് ലൈൻ നമ്പറുകളും തുറന്നിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണവും ആകെ ജീവഹാനിയും സംബന്ധിച്ച കൂടുതല്‍ ഔദ്യോഗിക വിവരങ്ങള്‍ക്കായി അധികൃതർ അന്വേഷണം നടത്തിവരികയാണ്

