ജനാധിപത്യ പ്രവചനത്തിന് അംഗീകാരം; മാസ് റിയാദ്–ടാർഗറ്റ് മത്സരത്തിലെ ഒന്നാം സമ്മാനം കൈമാറി

റിയാദ്: ജനാധിപത്യ പ്രക്രിയയോടുള്ള പൊതുജനങ്ങളുടെ താൽപര്യം വർധിപ്പിക്കുകയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കൂടുതൽ സജീവമായ സംവാദ വിഷയമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മാസ് റിയാദും ടാർഗറ്റും സംയുക്തമായി സംഘടിപ്പിച്ച “ജനാധിപത്യത്തിന്റെ നാളെയെ പ്രവചിക്കൂ, വിജയത്തിന്റെ പടവുകൾ കയറൂ” എന്ന പ്രമേയത്തിലുള്ള ഇലക്ഷൻ പ്രവചന മത്സരത്തിലെ ഒന്നാം സമ്മാന ജേതാവായ അബ്ദുൽ കരീം കൊടുവള്ളിക്ക് സമ്മാനത്തുക വിതരണം ചെയ്തു. ടാർഗറ്റ് ഗ്ലോബൽ കോർഡിനേറ്റർ മുഹമ്മദ് അസ്ലമാണ് സമ്മാന തുക കൈമാറിയത്.

റിയാദ് മലാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാസ് റിയാദ് പ്രസിഡന്റ് യതി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മാസ് രക്ഷാധികാരി ഷാജു കെ.സി ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി പ്രോഗ്രാം കോർഡിനേറ്റർ അശ്റഫ് മേച്ചേരി മത്സരത്തിന്റെ ലക്ഷ്യവും സംഘാടന രീതിയും പങ്കാളിത്തവും വിശദീകരിച്ചു. സലാം പേക്കാടൻ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

മത്സരത്തിൽ വിജയികളായവരെ അഭിനന്ദിച്ച് ചടങ്ങിൽ മാസ് ഭാരവാഹികളായ യൂസഫ് പി.പി, ഷംസുദ്ധീൻ കാരാട്ട്, ഇസ്ഹാഖ് മാളിയേക്കൽ, ഹർഷാദ് എം.ടി., അഫീഫ് കക്കാട്, മുഹമ്മദ് കൊല്ലളത്തിൽ, സാദിഖ് സി.കെ., ടാർഗറ്റ് പ്രതിനിധി നാസിഫ് കൊടിയത്തൂർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മാസ് ജനറൽ സെക്രട്ടറി മുസ്തഫ നെല്ലിക്കാപറമ്പ് സ്വാഗതവും ട്രഷറർ ഫൈസൽ എ.കെ നന്ദിയും രേഖപ്പെടുത്തി.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും തിരഞ്ഞെടുപ്പ് ഫലങ്ങളെയും ആസ്പദമാക്കി സംഘടിപ്പിച്ച പ്രവചന മത്സരത്തിൽ അഞ്ഞൂറിലധികം പേർ പങ്കെടുത്തിരുന്നു. ജനാധിപത്യ പ്രക്രിയയെക്കുറിച്ചുള്ള പൊതുജന ബോധവും രാഷ്ട്രീയ വിശകലനത്തോടുള്ള താൽപര്യവും ഉയർത്തുന്നതിൽ മത്സരം ശ്രദ്ധേയമായ പങ്കുവഹിച്ചതായി സംഘാടകർ അറിയിച്ചു.
മത്സരത്തിൽ ഏറ്റവും കൂടുതൽ ശരിയുത്തരങ്ങൾ നൽകിയവരിൽ നിന്ന് വിജയികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തുകയായിരുന്നു. മാധ്യമ പ്രവർത്തകൻ നസറുദ്ധീൻ വി.ജെ., സാമൂഹിക പ്രവർത്തകൻ അബ്ദുള്ള വല്ലാഞ്ചിറ, ടാർഗറ്റ് ഡയറക്ടർ സുഹാസ് ചേപ്പാലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിജയികളെ കണ്ടെത്തിയത്.

പരിപാടിയുടെ വിജയത്തിനായി സഫറുള്ള കൊടിയത്തൂർ, സത്താർ കാവിൽ, അലി പേക്കാടൻ, ഹാറൂൺ റഷീദ് കാരക്കുറ്റി, നാസർ പുത്തൻ, ഇഖ്ബാൽ നെല്ലിക്കാപറമ്പ്, അയ്യൂബ്ഖാൻ സി.ടി., ഷാഹുൽ ഹമീദ് കൊടിയത്തൂർ, ഫറാസ് കക്കാട് എന്നിവർ നേതൃത്വം നൽകി.
മത്സരത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ വിജയികൾക്കുള്ള സമ്മാനങ്ങൾ നേരത്തെ തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം മാസ് റിയാദിന്റെ നാട്ടിൽ നടന്ന പൊതുപരിപാടിയിൽ വിതരണം ചെയ്തിരുന്നു. ഒന്നാം സമ്മാന ജേതാവിനുള്ള സമ്മാനദാന ചടങ്ങോടെ പ്രവചന മത്സരത്തിന്റെ സമാപനവും നടന്നു.

 

spot_img

Related Articles

Latest news