‘തുടക്ക’ത്തിന് മുമ്പേ രാഷ്ട്രീയ പ്രസ്താവനകളിലേക്ക് ചാടണോ? മോഹൻലാല്‍ മകളെ രാജ്യദ്രോഹികള്‍ക്ക് സപ്പോര്‍ട്ട് ചെയ്യാൻ വിടരുത്; വിസ്മയയ്ക്കെതിരെ സൈബര്‍ ആക്രമണം.

ന്യൂല്‍ഹിയില്‍ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനെതിരെയുള്ള പോലീസ് നടപടിയെ വിമർശിച്ചതിന് പിന്നാലെ നടൻ മോഹൻലാലിന്റെ മകള്‍ വിസ്മയ മോഹൻലാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക സൈബർ ആക്രമണം.ഡല്‍ഹിയില്‍ ‘കോക്രോച്ച്‌ ജനതാ പാർട്ടി’ (സി.ജെ.പി.) നയിച്ച വിദ്യാർഥി പ്രക്ഷോഭത്തിന് നേരെയുണ്ടായ പോലീസ് നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു പോസ്റ്റ് വിസ്മയ പങ്കുവെച്ചിരുന്നു. പ്രതിഷേധിക്കുന്ന പൗരന്മാരോട് രാജ്യം ഇങ്ങനെയാണോ പെരുമാറേണ്ടത് എന്ന ചോദ്യമാണ് വിസ്മയ കഴിഞ്ഞ ദിവസം ഉന്നയിച്ചത്. ഇതിനെതിരെയാണ് കേന്ദ്രസർക്കാരിനെയും ബി.ജെ.പിയെയും അനുകൂലിക്കുന്ന സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ രംഗത്തെത്തിയത്.

കേന്ദ്ര സർക്കാരിനെ നേരിട്ട് ലക്ഷ്യമിട്ടുള്ള വിസ്മയയുടെ പ്രതികരണമാണ് ഭരണകക്ഷിയെ അനുകൂലിക്കുന്ന സാമൂഹികമാധ്യമ അക്കൗണ്ടുകളെ പ്രകോപിപ്പിച്ചത്. അഭിനയരംഗത്ത് ആദ്യചുവടുകള്‍ ഉറപ്പിക്കുന്നതിന് മുമ്പേ രാഷ്ട്രീയ പ്രസ്താവനകളിലേക്ക് ചാടുന്നത് നല്ലതിനാണോ എന്നുള്‍പ്പെടെയാണ് ചോദ്യം. കേരളത്തില്‍ പി.എസ്.സി. പരീക്ഷാ അട്ടിമറിക്കെതിരെ ഉദ്യോഗാർഥികള്‍ മുട്ടിലിഴഞ്ഞപ്പോഴും മണ്ണുവാരി തിന്നതും ഒന്നും കണ്ടില്ലേ എന്നും വിസ്മയയോട് ചോദ്യമുയരുന്നു. സാമൂഹികമോ ദേശീയമോ ആയ വിഷയങ്ങളില്‍ വിസ്മയ ഇതുവരെ ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്നും പറയുന്നവരുണ്ട്.

‘മോഹൻലാല്‍ മോളോട് പറയണം, രാജ്യദ്രോഹികള്‍ക്കൊപ്പം ചേർന്നാല്‍ ‘നിന്നെ രക്ഷിക്കാൻ ആരാണ് ഉള്ളത്’ എന്നുള്ള മാസ് ഡയലോഗ്’, എന്നാണ് ഒരു പോസ്റ്റിലുള്ളത്. ‘മോഹൻലാല്‍ തന്റെ മകളെ രാജ്യദ്രോഹികള്‍ക്ക് സപ്പോർട്ട് ചെയ്യാൻ വിടരുത്. രാജ്യത്തു നിലവില്‍ ഒരു സൂപ്പർ സ്റ്റാറിന് കിട്ടേണ്ട എല്ലാ പദവിയും തന്ന് രാജ്യം താങ്കളെ ആദരവോടെ ബഹുമാനിക്കുമ്പോള്‍ താങ്കളുടെ മകള്‍ രാജ്യദ്രോഹി പാറ്റാ കൂട്ടത്തിനുവേണ്ടി നിലകൊള്ളുന്നത് രാജ്യദ്രോഹം തന്നെയാണ്. കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി പിന്തിരിപ്പിക്കുമെന്ന് കരുതുന്നു’, മറ്റൊരു പോസ്റ്റില്‍ പറയുന്നു. ‘മോഹൻലാല്‍ എന്ന മഹാനടന്റെ മകളാണെന്നതുകൊണ്ട് ഇത്തരം പോക്രിത്തരം അംഗീകരിക്കാൻ കഴിയില്ല’, എന്നാണ് മറ്റൊരു പോസ്റ്റിലെ ഉള്ളടക്കം.

മറ്റൊരു സാമൂഹികമാധ്യമ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് പങ്കുവെച്ചായിരുന്നു വിസ്മയയുടെ പ്രതികരണം. ‘ചർച്ചകള്‍ക്കുപകരം, ആവശ്യങ്ങള്‍ക്കുവേണ്ടി ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുകയാണെങ്കില്‍ നമ്മളിലൊരോരുത്തരും ഇതെന്തുതരം ജനാധിപത്യത്തിലേക്കാണ് നമ്മള്‍ പോവുന്നതെന്ന് ചോദിക്കണം. നിങ്ങളോടുള്ള എന്റെ ചോദ്യം ലളിതമാണ്. സ്വന്തം പൗരന്മാരോട് ഇങ്ങനെയാണ് പെരുമാറേണ്ടതെന്ന് നിങ്ങള്‍ ശരിക്കും വിശ്വസിക്കുന്നുണ്ടോ?’, വിസ്മയ പങ്കുവെച്ച പോസ്റ്റില്‍ ചോദിക്കുന്നു.

ആശീർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമിച്ച്‌ ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് വിസ്മയ മോഹൻലാല്‍. ഓഗസ്റ്റ് ഏഴിന് ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തില്‍ മോഹൻലാലും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

spot_img

Related Articles

Latest news