കേരളത്തിന്റെ്‌ വേദനയില്‍ പങ്കുചേര്‍ന്ന് രാഹുല്‍ ഗാന്ധി; ‘ദുരന്തത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കും’

ന്യൂഡല്‍ഹി: സംസ്ഥാനത്തെ മഴക്കെടുതിയില്‍ പ്രതികരിച്ച്‌ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മഴക്കെടുതിയില്‍ അതീവ ദുഃഖമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.മരിച്ച എട്ടുപേരുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. കാണാതായവർ സുരക്ഷിതരായി തിരിച്ചെത്തട്ടെയെന്നും പരിക്കേറ്റവർ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ച അദ്ദേഹം, ദുരന്തത്തില്‍പ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കുമൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് ഉറപ്പുനല്‍കി.

‘ദുരിതബാധിതരായ കുടുംബങ്ങളെ സഹായിക്കാനും ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വളണ്ടിയര്‍മാരും സന്നദ്ധപ്രവര്‍ത്തനത്തിന്റെ ഭാഗമാകണം. എല്ലാവരും ജാഗ്രതയില്‍ ഇരിക്കണം. അധികാരികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ഈ പ്രതിസന്ധി സമയങ്ങളില്‍ കേരളം ഒറ്റക്കെട്ടായി നിന്നു. ദുരന്തം ബാധിച്ച കുടുംബത്തോടൊപ്പമാണ് ഞാന്‍’, രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലേര്‍ട്ടുമാണ്. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. തിങ്കളാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. നാളെ പത്തു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

spot_img

Related Articles

Latest news