മാനന്തവാടി: ബെംഗളൂരു–മൈസൂർ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം. തൊണ്ടർനാട് കുഞ്ഞോം സ്വദേശിനി അഫ്രീന (23) ആണ് മരിച്ചത്. മാനന്തവാടി സ്വദേശിയും സെഞ്ച്വറി ടെക്സ്റ്റൈൽസ് ബിൽഡിങ് ഉടമയുമായ ബഷീറിന്റെ മകൻ മുഹമ്മദ് ഉവൈസിന്റെ ഭാര്യയാണ് അഫ്രീന. മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.
ബുധനാഴ്ച വൈകീട്ട് മൂന്നോടെ ബിഡദിയിലാണ് അപകടമുണ്ടായത്. ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉവൈസിന്റെ സഹോദരനെയും ഭാര്യയെയും യാത്രയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ സുരക്ഷാ വേലിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
മുഹമ്മദ് ഉവൈസിന് പുറമെ ബഷീറിന്റെ ഭാര്യ, മകൾ, മകളുടെ രണ്ടുവയസ്സുള്ള കുട്ടിഎന്നിവരുംവാഹനത്തിലുണ്ടായിരുന്നു. അപകടത്തിൽ മറ്റുള്ളവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.അപകടത്തെ തുടർന്ന് അഫ്രീനയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.

