കേരളത്തിലും പുറത്തുമായി നൂറിലേറെ മുസ്ലിം പള്ളികളുടെ രൂപകല്പനയിലൂടെയും നിർമാണത്തിലൂടെയും പ്രശസ്തനായ ‘മോസ്ക് മാൻ ഓഫ് ഇന്ത്യ’ ജി ഗോപാലകൃഷ്ണൻ (89) അന്തരിച്ചു.സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് തൈക്കാട് ശാന്തികവാടത്തില്‍.
തമിഴ്നാട്ടിലും കേരളത്തിലുമായി 110 മുസ്ലിം പള്ളികളുടെയും 4 ക്രൈസ്തവ ദേവാലയങ്ങളുടെയും ഒരു ക്ഷേത്രത്തിന്റെയും നിർമാണത്തിന് ഗോപാലകൃഷ്ണൻ നേതൃത്വം നല്കി. തിരുവനന്തപുരം ബീമാപള്ളി, എരുമേലി വാവര് പള്ളി, ചിറയിൻകീഴ് ജുമാ മസ്ജിദ്, പാളയം ജുമാ മസ്ജിദിന്റെ മിനാരം എന്നിവ അദ്ദേഹത്തിന്റെ പ്രധാന സംഭാവനകളാണ്. ഉത്തരേന്ത്യയില്‍ മാത്രം പ്രചാരത്തിലുണ്ടായിരുന്ന മുഗള്‍ നിർമാണ ശൈലി കേരളത്തില്‍ പരിചയപ്പെടുത്തിയത് ഗോപാലകൃഷ്ണനാണ്.
തിരുവനന്തപുരം പാളയം ജുമാ മസ്ജിദിന്റെ നിർമാണച്ചുമതല അദ്ദേഹത്തിന്റെ പിതാവും ബില്‍ഡിങ് കോണ്‍ട്രാക്ടറുമായ ഗോവിന്ദനായിരുന്നു. കൂറ്റൻ മിനാരം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് എൻജിനീയറിങ് പഠനം പാതിവഴിയില്‍ നിർത്തിയെത്തിയ മകൻ ഗോപാലകൃഷ്ണൻ സമർപ്പിച്ച ആശയം ആദ്യം പിതാവിന് ഉള്‍ക്കൊള്ളാനായില്ല. തുടർന്ന് ഒരു മാതളനാരങ്ങ മുറിച്ച് അതിന്റെ ഘടന കാണിച്ച് ആശയം ബോധ്യപ്പെടുത്തിയതോടെയാണ് അദ്ദേഹം വാസ്തുവിദ്യാ രംഗത്തേക്ക് ചുവടുവെക്കുന്നത്.
16 വർഷം കൊണ്ടാണ് ബീമാപള്ളിയുടെ നിർമാണം പൂർത്തിയാക്കിയത്. വാണിജ്യ കെട്ടിടങ്ങളും വീടുകളും നിർമിക്കുന്നതിനൊപ്പം ‘ഞാൻ കണ്ട ഖുർആൻ’ എന്ന പേരില്‍ ഒരു പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്. ഈ പുസ്തകം പ്രസിദ്ധീകരിക്കണമെന്ന വലിയൊരു ആഗ്രഹം ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയാകുന്നത്.
ഭാര്യ: ജയ ഗോപാലകൃഷ്ണൻ, മക്കള്‍: ജി ഗോവിന്ദ് ജൂനിയർ (ആർക്കിടെക്ട്), ശ്രീനി ജി ഗോവിന്ദ് (കണ്‍സ്ട്രക്ഷൻ), നീനി ജി ഗോവിന്ദ് (ബിസിനസ്). മരുമക്കള്‍: ലക്ഷ്മി ഗോവിന്ദ് (ആർക്കിടെക്ട്), അനീഷ (അസി. എൻജിനീയർ, കെഎസ്ഇബി), ജെ എസ് സജിന (ബിസിനസ്).

