അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വര്‍ഷം തടവ്, 30 ലക്ഷം രൂപ പിഴ.

കോട്ടയം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് നാലുവർഷം തടവ്. കോട്ടയം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.പോലീസിലെ ഉന്നത പദവി വഹിച്ചിരുന്ന ആളെന്ന നിലയില്‍ ശിക്ഷാ ഇളവ് അർഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം. ടോമിൻ തച്ചങ്കരി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രല്‍ ജയിലിലേക്ക് മാറ്റും. 2003 മുതല്‍ 2007 വരെയുള്ള നാലു വർഷ കാലയളവില്‍ 64 ലക്ഷം രൂപയുടെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. കേസില്‍ വിചാരണ ബുധനാഴ്ചയോടെ പൂർത്തിയായിരുന്നു.

സർവീസിലിരിക്കെ വീടുകള്‍, ഫ്ളാറ്റുകള്‍, വസ്തുവകകള്‍ തുടങ്ങിയവ വരുമാനത്തിന് നിരക്കാത്തവിധം സമ്പാദിച്ചെന്നുകാട്ടി ബോബി കുരുവിള നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്തിയത്. വിജിലൻസ് നടത്തിയ പരിശോധനയില്‍ ഇത്രയും തുകയ്‌ക്കുള്ള ചെലവ് കണ്ടെത്തിയെങ്കിലും, അതിനുള്ള വരവ് കാണിക്കാൻ തച്ചങ്കരിക്ക് കഴിഞ്ഞിരുന്നില്ല. പരിശോധനാ കാലയളവില്‍ 135.80 ശതമാനം സ്വത്ത് വരവില്‍ക്കവിഞ്ഞ് സമ്പാദിച്ചതായാണ് അന്വേഷണസംഘം കണ്ടെത്തിയത്.

സ്ഥലം വാങ്ങിയ വകയില്‍ സ്റ്റാംപ് ഡ്യൂട്ടി അ‌ടയ്‌ക്കാതെ സർക്കാരിന് നഷ്ടം വരുത്തിയെന്നും വിജിലൻസിന്റെ റിപ്പോർട്ടില്‍ ഉണ്ടായിരുന്നു. 2013ല്‍ തൃശൂർ വിജിലൻസ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. തുട‍ർന്ന് കേസ് കോട്ടയം കോടതിയിലേക്ക് എത്തുകയായിരുന്നു. കേസില്‍ തുടരന്വേഷണം വേണമെന്ന തച്ചങ്കരിയുടെ ഹർജി നേരത്തെ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു.

കോട്ടയം വിജിലൻസ് കോടതി ജ‍ഡ്‌ജ് കെ.വി.രജനീഷ് മുൻപാകെയാണ് വിചാരണ പൂർത്തിയായത്. മാതാപിതാക്കള്‍ വഴി കൈമാറിക്കിട്ടിയ കുടുംബ സ്വത്താണെന്നാണ് തച്ചങ്കരിയുടെ വാദം. 2007ല്‍ തച്ചങ്കരി ഡി.ഐ.ജി.യായി സ്ഥാനക്കയറ്റം കിട്ടിയശേഷം ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കുറ്റപത്രം സമർപ്പിക്കുമ്പോള്‍ തച്ചങ്കരി സംസ്ഥാന പൊലീസ് ഉപമേധാവിയായി ഉയർന്നിരുന്നു.

ആഭ്യന്തരവകുപ്പ് മുൻ ജോ. സെക്രട്ടറിയെയടക്കം പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. മുൻ അഡീഷണല്‍ ചീഫ് സെക്രട്ടറി, മുൻ അഡീഷണല്‍ ഡി.ജി.പി, ഇൻകംടാക്സ് ഉദ്യോഗസ്ഥർ, തച്ചങ്കരിയുടെ സഹോദരി എന്നിവരെ പ്രതിഭാഗം സാക്ഷികളായി വിസ്തരിച്ചു.

spot_img

Related Articles

Latest news