ആലപ്പുഴ: ബിജെപിയില്‍ നിന്ന് രാജി പ്രഖ്യാപിച്ച് ചലച്ചിത്ര നടൻ ദേവൻ. നിലവില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ദേവൻ.കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ നടന്ന പരിപാടിയിലായിരുന്നു പ്രഖ്യാപനം.
‘ശ്രീനാരായണ ഗുരുദേവൻ ദർശനങ്ങളാണ് എന്റെ രാഷ്ട്രീയം. അത് നടപ്പാക്കാൻ എനിക്ക് കഴിയുന്നില്ല. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയിലെ പ്രാഥമിക അംഗത്വവും രാജിവയ്ക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ആ പ്രശ്നങ്ങളിലേക്ക് ഞാൻ ഇപ്പോള്‍ കടക്കുന്നില്ല’- എന്നാണ് ദേവൻ വ്യക്തമാക്കിയത്. ഇത് ഏതാനും മാസങ്ങള്‍ക്ക് മുൻപ് എടുത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
നവകേരള പീപ്പിള്‍സ് പാർട്ടി എന്ന പേരില്‍ പാർട്ടി രൂപീകരിച്ച് പ്രവർത്തിച്ച് തുടങ്ങിയ ദേവൻ പിന്നീട് പാർട്ടിക്കൊപ്പം ബിജെപിയിലെത്തി. നേരത്തേ രണ്ട് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചെങ്കിലും രണ്ടിലും പരാജയപ്പെടുകയായിരുന്നു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കെ സുരേന്ദ്രന് നയിച്ച വിജയ യാത്രയുടെ സമാപനത്തിലായിരുന്നു ലയനം. ദേവനേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിജെപിയിലേക്ക് സ്വീകരിച്ചത്. 17 വർഷമായി താൻ വളർത്തിക്കൊണ്ടുവന്ന തന്റെ മകളാണ് നവ കേരള പീപ്പിള്‍സ് പാർട്ടി എന്നാണ് ആ വേളയില്‍ ദേവൻ പറഞ്ഞത്.
കേരളം എന്തുകൊണ്ട് അവികസിതമായി നിലകൊള്ളുന്നു എന്ന് കണ്ടെത്തിയപ്പോഴാണ് മാതൃപാര്‍ട്ടിയായ കോണ്‍ഗ്രസിനോട് ടാറ്റ പറഞ്ഞതെന്നും അതിന് ശേഷമാണ് 2004 ല്‍ കേരള പീപ്പിള്‍സ് പാര്‍ട്ടി രൂപീകരിച്ചതെന്നുമാണ് പാർട്ടിയെ ബിജെപിയില്‍ ലയിപ്പിക്കുന്ന വേളയില്‍ ദേവൻ പറഞ്ഞത്. അമിത്ഷായുമായി കൂടിക്കാഴ്ചയ്ക്കുശേഷമാണ് സ്വന്തം പാർട്ടിയെ ബിജെപിയില്‍ ലയിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചത്.

