തൃശൂർ: സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാത്ത വിദ്യാർഥികള്‍ക്കെതിരെ നടത്തിയ വിവാദ പരാമർശത്തില്‍ ഒടുവില്‍ ഖേദം പ്രകടിപ്പിച്ച് മാള രാജു ഡേവിസ് ഇന്റർനാഷണല്‍ സ്കൂള്‍ ചെയർമാൻ ഡോ.രാജു ഡേവിസ്. തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നുവെന്നും എല്ലാവരും ഒരുമിച്ച് മുന്നോട്ട് പോകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വാതന്ത്ര്യദിനാഘോഷത്തില്‍ മുഴുവൻ വിദ്യാർഥികളും നിർബന്ധമായും പങ്കെടുക്കണമെന്ന് നേരത്തെ സ്കൂള്‍ അധികൃതർ നിർദേശം നല്‍കിയിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ചടങ്ങില്‍ പങ്കെടുക്കാതിരുന്ന കുട്ടികളെ ലക്ഷ്യമിട്ട് ചെയർമാൻ രക്ഷിതാക്കളുടെ വാട്സാപ് ഗ്രൂപ്പില്‍ നടത്തിയ പരാമർശമാണ് വിവാദമായത്. ചടങ്ങില്‍ പങ്കെടുക്കാത്തവരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിക്കുകയും വീട്ടിലിരിക്കുന്നവർ പാകിസ്താനിലേക്ക് പോകണമെന്നുമായിരുന്നു സന്ദേശത്തിലെ പരാമർശം.
തുടർന്ന് പുറത്തുവന്ന മറ്റൊരു സന്ദേശത്തിലും സമാനമായ പരാമർശം ആവർത്തിച്ചതോടെ രക്ഷിതാക്കള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായി. സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ കുട്ടികളെ ക്ലാസില്‍ പ്രവേശിപ്പിക്കില്ലെന്ന തരത്തിലുള്ള മുന്നറിയിപ്പും നല്‍കിയതായി ആരോപണമുണ്ട്. വിവാദം ശക്തമായതിന് പിന്നാലെയാണ് ചെയർമാൻ വിശദീകരണവുമായി രംഗത്തെത്തിയത്. ആരെയും അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയല്ല പരാമർശം നടത്തിയതെന്നും തന്റെ വാക്കുകള്‍ ആരെയെങ്കിലും ദുഃഖിപ്പിച്ചിട്ടുണ്ടെങ്കില് ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തോടുള്ള സ്നേഹവും മതനിരപേക്ഷതയും സംബന്ധിച്ച് തനിക്ക് വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കുട്ടികളെയും കുടുംബങ്ങളെയും രാജ്യസ്നേഹത്തിന്റെ പേരില്‍ അധിക്ഷേപിച്ച സംഭവത്തില്‍ രക്ഷിതാക്കളും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാൻ കഴിയാത്തതിനെ രാജ്യസ്നേഹവുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്നും സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

