കോട്ടയം: ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കി മുൻ വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയില്‍ പുതുപ്പള്ളിയിലെത്തുന്നു.കേരള ക്രിക്കറ്റ് ലീഗിലെ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിന്റെ സഹ ഉടമ കൂടിയായ ഗെയില്‍ 30ന് പുതുപ്പള്ളിയിലെത്തുമെന്ന് ചാണ്ടി ഉമ്മൻ എംഎല്‍എ അറിയിച്ചു. വിവിധ പരിപാടികളിലും ഗെയില്‍ പങ്കെടുക്കും.
29ന് കേരളത്തിലെത്തുന്ന ഗെയില്‍ തിരുവനന്തപുരത്തെ ഗ്രീൻഫീല്‍ഡ് സ്റ്റേഡിയം സന്ദർശിച്ച ശേഷമാകും കോട്ടയത്തേക്ക് തിരിക്കുക. പുതുപ്പള്ളിയില്‍ നിർദിഷ്ട രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിനായി പരിഗണിക്കുന്ന സ്ഥലങ്ങളും താരം നേരിട്ട് സന്ദർശിക്കും.
തുടർന്ന് വെണ്ണിമല ശ്രീരാമലക്ഷ്മണസ്വാമി ക്ഷേത്രത്തിലും ഗെയില്‍ ദർശനം നടത്തും. വെണ്ണിമല ഗുരുദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയില്‍ നടക്കുന്ന ചടങ്ങില്‍ വെണ്ണിമല ഹെറിറ്റേജ് ആൻഡ് കള്‍ച്ചറല്‍ സെന്ററിന്റെ ലോഗോയും അദ്ദേഹം പ്രകാശനം ചെയ്യും.
ചടങ്ങില്‍ പ്രദേശത്തെ വിദ്യാർഥികളുമായി ഗെയില്‍ സംവദിക്കുകയും ക്രിക്കറ്റ് അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യും. യൂണിവേഴ്സല്‍ ബോസ് എന്നറിയപ്പെടുന്ന ഗെയിലിന്റെ സന്ദർശനം ക്രിക്കറ്റ് ആരാധകർ വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

