റിയാദ് : ഓണക്കാലത്ത് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് സന്തോഷ വാർത്തയുമായി സൗദി വിമാനക്കമ്പനി. സൗദിയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്കുള്ള വിമാനയാത്രകള്‍ക്ക് ദേശീയ വിമാനക്കമ്പനിയായ സൗദിയ വമ്പൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫർ പ്രകാരം ഗസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ക്ക് അമ്പത് ശതമാനം വരെ ഡിസ്കൗണ്ടാണ് ലഭിക്കുക. ആഗസ്റ്റ് 20 മുതല്‍ സെപ്തംബർ 3 വരെ ഈ പ്രത്യേക നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
സെപ്തംബർ ഒന്നിനും ഡിസംബർ പത്തിനും ഇടയില്‍ യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വണ്‍വേ, റിട്ടേണ്‍ ടിക്കറ്റുകള്‍ക്ക് ഈ ഇളവ് ബാധകമാണ്. കൂടാതെ അല്‍ഫുർസാൻ ലോയല്‍റ്റി പ്രോഗ്രാം അംഗങ്ങള്‍ക്ക് ഈ കാലയളവില്‍ ബുക്കിംഗ് നടത്തുമ്പോള്‍ 100 ശതമാനം ബോണസ് ടയർ ക്രെഡിറ്റും ലഭിക്കും. ഈ യാത്രാ ഓഫറിനൊപ്പം സൗദിയിലൂടെയുള്ള യാത്രാനുഭവം കൂടുതല്‍ എളുപ്പമാക്കുന്ന സൗകര്യങ്ങളും എയർലൈൻസ് ഒരുക്കുന്നുണ്ട്. ജിദ്ദ വിമാനത്താവളം പ്രധാന ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായി ട്രാൻസിറ്റ് യാത്രക്കാർക്കായി പ്രത്യേക പദ്ധതികളുണ്ട്. 96 മണിക്കൂർ വരെ സൗജന്യമായി രാജ്യത്ത് തങ്ങാൻ അനുവദിക്കുന്ന ട്രാൻസിറ്റ് വിസ ഉപയോഗിച്ച് യാത്രക്കാർക്ക് ഉംറ നിർവഹിക്കാനും വിനോദ കേന്ദ്രങ്ങള്‍ സന്ദർശിക്കാനും സാധിക്കും.

