By-അബ്ദുൾകലാം ആലങ്കോട്
ഇടതൂർന്നമുടിയിഴകൾ, മയിൽപ്പീലി പോലുള്ള കൺമിഴികൾ, തുമ്പപ്പൂ പോലുള്ള നിറമാർന്ന മേനി. ആരും ഒറ്റ നോട്ടത്തിൽ തന്നെ മോഹിച്ചു പോകുന്ന അപ്സരസ്സ്. “മോഹിനി ”അതാണവളുടെ പേര്.
ഇന്നവൾ ഏറെ ദുഖിതയാണ് ബുദ്ധിയും കഥയും വെച്ച നാൾ മുതൽ അവൾക്ക് നാലാൾകൂടി നിൽക്കുന്നിടത്തേക്ക് ചെല്ലാൻ തന്നെ ഇഷ്ടമായിരുന്നില്ല. ചിലരുടെ തുറിച്ചുനോക്കുന്ന കണ്ണുകൾ ‘ചിലരുടെ സഹതാപംനിറഞ്ഞ നോട്ടം ഇതെല്ലാം അവളെ വല്ലാതെ ദുഖിപ്പിച്ചു. അവരുടെ അടക്കം പറച്ചിലും ചിരിയും അവൾക്ക് താങ്ങാനാകുന്നതിലുമപ്പുറമായിരുന്നു.
അങ്ങിനെ ഈ പരിഹാസം നിറഞ്ഞ ബാല്യകാലം കടന്ന് അവൾ കൗമാരത്തിലേക്ക് കടന്നു. തുടർന്ന് പഠിക്കാൻവേണ്ടി ദൂരെയുള്ള കോളേജിൽ ചേരാൻ തീരുമാനിച്ചു. ആ സമയത്താണ് ലോകമെമ്പാടും കൊറോണ വൈറസ് പടർന്നു പിടിച്ചത്. എല്ലാവരും കുറച്ചുകാലം പുറത്തിറങ്ങാൻ കഴിയാതെ വീട്ടിലി രുന്നെങ്കിലും, പിന്നീട് മാസ്ക്കിട്ട്കൊണ്ട് പുറത്തിറങ്ങാം എന്നായി. ഈ സമയത്താണ് മോഹിനിയുടെ കോളേജും തുറന്നത്. മാസ്ക്കിട്ട്കൊണ്ട് വേണം കോളേജിൽ പോകാനെന്നറിഞ്ഞു എല്ലാ കുട്ടികളും പ്രയാസപ്പെട്ടപ്പോൾ മോഹിനി മാത്രം ഉള്ളിൽ ചിരിക്കുകയായിരുന്നു. ഇത് വരെ താൻ തന്നെയോർത്ത് എത്രമാത്രം വിഷമിച്ചിരുന്നു. എന്നാൽ ഇന്ന് തനിക്ക് ആരുടെയും മുന്നിലിറങ്ങി നടക്കാമെന്ന ഒരു ആത്മവിശ്വാസം മോഹിനിയെ വല്ലാതെ സന്തോഷിപ്പിച്ചു.
തന്നെ ഒരു പരിചയം ഇല്ലാത്ത നാട്ടിൽ അവൾ മാസ്ക്കിട്ട്കൊണ്ട് കോളേജിൽ പോയി കൊണ്ടിരുന്നു. അത് വരെ അവളെ തുറിച്ചു നോക്കുകയും പരിഹസിക്കുകയും ചെയ്തിരുന്ന ആളുകൾക്കിടയിൽ നിന്നും ഈ നാട്ടിൽ എത്തിയപ്പോൾ ആളുകൾ വളരെ അസൂയയോടെ നോക്കുകയും, മോഹിനിയുടെ നീളമുള്ള മുടിയെക്കുറിച്ചും ,മനോഹരമായ കണ്ണുകളെക്കുറിച്ചും, തുമ്പപ്പൂ നിറമുള്ള മേനിയെക്കുറിച്ചും ഒളിഞ്ഞും തെളിഞ്ഞും അഭിപ്രായം പറഞ്ഞു തുടങ്ങി. ആദ്യമൊക്ക മോഹിനി ഇത് ആസ്വാതിച്ചെങ്കിലും പിന്നെ പിന്നെ കോളേജിലേക്ക് പോയി വരുന്ന വഴിക്ക് പൂവാലന്മാരുടെ ഒരു നിര തന്നെ ഉണ്ടായപ്പോഴും, അവർ സ്നേഹത്തിൽ പൊതിഞ്ഞ കത്ത് എഴുതിത്തരാൻ ശ്രമിച്ചും, മറ്റ് ചിലർ സ്നേഹം പറയാൻ ശ്രമിച്ചും പുറകിൽ നിന്നും മാറാതെയായപ്പോഴും അവൾ ഉള്ളിൽ അഹങ്കരിക്കുകയും ആഹ്ലാദിക്കുകയും ചെയ്തു.
എന്നാൽ എന്നും വഴിയരികിലായി തന്നെതന്നേ നോക്കിനിൽക്കുന്ന ഒരു ചെറുപ്പക്കാരനെ മോഹിനി ശ്രദ്ധിക്കാറുണ്ടായിരുന്നു. പുഞ്ചിരി തൂകി നിൽക്കുന്ന കാണാൻ അത്ര ഭംഗിയൊന്നും തോന്നാത്ത ആ ചെറുപ്പക്കാരന്റെ മുഖം മോഹിനിയുടെ മനസ്സിൽ എവിടെയോ കയറിക്കൂടി. ആദ്യമൊന്നും അവളത് കാര്യമാക്കിയില്ലെങ്കിലും പിന്നെ പിന്നേ അവളും അവനെ ശ്രദ്ധിക്കാൻ തുടങ്ങി.
ക്രമേണ അവർ തമ്മിൽ ഒരു ദിവസവും പോലും കാണാതിരിക്കാൻ പറ്റില്ല എന്ന നിലയായി. അവസാനം അവൾ എല്ലാം അവനോട് തുറന്നു പറയാൻ തീരുമാനിച്ചു.
ഒരു ദിവസം ഒരു തുണ്ട് പേപ്പറിൽ അവൾ അവന് എഴുതി “എനിക്ക് നിന്നോട് തനിയെ കുറച്ചു സംസാരിക്കണം.നാളെ ബീച്ചിൽ വരാമോ? ” അവൻ കാണുന്ന തരത്തിൽ കടലാസ് അവിടെ അവന് കാണിച്ചു കൊണ്ട് തന്നെ നിലത്തിട്ടു അവൾ നടന്നകന്നു. കുറച്ചു കഴിഞ്ഞു അവൾ പിന്തിരിഞ്ഞു നോക്കുമ്പോഴുണ്ട് അവൻ അത് വായിച്ചു പുഞ്ചിരിച്ചു കൊണ്ട് കൈ കൊണ്ട് സമ്മതമാണ് എന്ന് ആംഗ്യം കാണിക്കുന്നു.
അവന്റെ ആംഗ്യം കണ്ട് മോഹിനിക്ക് സന്തോഷവും ഒപ്പം സങ്കടവുംഉള്ളിൽ തികട്ടിവന്നു.ഇന്ന്വരെ ആരും തന്നെ ഇഷ്ട്ടപെടുകയോ സ്നേഹത്തോടെ ഒന്ന് നോക്കുക പോലും ചെയ്തിട്ടില്ല. നാളെ നേരിട്ട് കണ്ട് സംസാരിക്കുമ്പോൾ എന്താകും അവന്റെ പ്രതികരണം എന്നറിയാതെ അവൾ ആകെ ആസ്വസ്ഥയായി. എന്തായാലും നാളെ പോകുക തന്നെ. ഇനിയും നേരിട്ട് കാണാതിരിക്കാനും, സംസാരിക്കാതിരിക്കാനും തനിക്ക് കഴിയുന്നില്ല അത്ര മാത്രം അവനെ താനും ഇഷ്ടപ്പെട്ടുപോയി.
അന്ന് പതിവിലും നേരത്തെ അവൾ കോളജിലേക്കിറങ്ങി നേരെ ബീച്ച് ലക്ഷ്യമാക്കി നടന്നു. അവൾ ദൂരത്തു നിന്ന് തന്നെ അവനെക്കണ്ടു അവൻ അവളെയും പ്രതീക്ഷിച്ചു നിൽക്കുന്നുണ്ടായിരുന്നു. അവൾ അടുത്ത് എത്തിയതും അവൻ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു“ഞാൻ കുറച്ചു നേരത്തെ എത്തി എന്റെ പേര് മോഹനകുമാർ ”അവൻ അവന്റെ വീടും സ്ഥലവും അവനെക്കുറിച്ച് എല്ലാ വിവരങ്ങളും പറഞ്ഞു. “എനിക്ക് കുട്ടിയെ കണ്ടത് മുതൽ കുട്ടിയെ പരിചയപെടണമെന്നും, താല്പര്യമുണ്ടെങ്കിൽ ജീവിത പങ്കാളിയായി ഒപ്പം കൂട്ടണമെന്നും ആഗ്രഹമുണ്ട്”.അവന്റെ ഒട്ടും മുഖവുരയോ, കൃത്രിമത്വമോ ഇല്ലാത്ത ഈ വാക്കുകൾ കേട്ടപ്പോൾ അവളുടെ മനസ്സ് ആർദ്രമായി. “ക്ഷമിക്കണം ഞാൻ കുട്ടിയുടെ പേര് ചോദിച്ചില്ല ”അവൻ ക്ഷമാപണത്തോടെ ചോദിച്ചു. അവൾ പറഞ്ഞു “മോഹിനി. ”അവൾ അവ്യക്തമായ ശബ്ദതത്തിൽ പറഞ്ഞു. ഇത് കേട്ട അവൻ പറഞ്ഞു “നല്ല പേരാണല്ലോ. ”! പിന്നേ കൂടുതൽ കാര്യങ്ങൾ അവൻ ചോദിച്ചു കൊണ്ടിരുന്നു. അതിനെല്ലാം വിക്കിയും തപ്പിത്തടഞ്ഞും അവൾ മറുപടി പറഞ്ഞു. അവസാനം അവൾ ചോദിച്ചു “നിങ്ങൾ എന്ത് കൊണ്ടാണ് എന്നെ ഇഷ്ടപ്പെടാൻ കാരണം നിങ്ങൾ മുമ്പ് എന്നെ കണ്ടിട്ടുണ്ടോ, എന്നെക്കുറിച്ച് എന്തെങ്കിലും നിങ്ങൾക്ക് അറിയാമോ, നിങ്ങൾ ഇത് വരെ എന്റെ മുഖം പോലും കണ്ടിട്ടുണ്ടോ? ”.അവളുടെ ചോദ്യത്തിന് അവൻ ഒന്ന് മന്ദഹസിച്ചു കൊണ്ട് പറഞ്ഞു “എനിക്ക് ഇതിന് മുമ്പ് കുട്ടിയെ അറിയില്ല. ഞാൻ കുട്ടിയുടെ സൗന്ദര്യത്തെക്കണ്ടല്ല ഇഷ്ടപെട്ടത്. എന്തോ കുട്ടിയെ കണ്ടത് മുതൽ ഞാൻ കുട്ടിയെ ഇഷ്ടപ്പെട്ടു. അവന്റെ നിഷ്കളങ്കമായ മറുപടി കേട്ട് മോഹിനി അവനോട് ചോദിച്ചു. “പക്ഷേ നിങ്ങൾ ആഹ്രഹിക്കുന്നത് പോലെയുള്ള ഒരു സൗന്ദര്യം എനിക്കില്ലെങ്കിലോ ?അപ്പോൾ ഈ ഇഷ്ടത്തിന് കുറവ് വരുമോ.? “ഒരിക്കലുമില്ല ”അവൻ അങ്ങനെ പറഞ്ഞതും അവൾ അവളുടെ മുഖത്ത് വെച്ച മാസ്ക് അഴിച്ചു മാറ്റി. എന്നിട്ട് മോഹിനി അവനോട് ചോദിച്ചു “ഇപ്പോഴോ എന്റെ ഈ രൂപം കണ്ടിട്ട് പിന്നെയും എന്നെ നിങ്ങൾ ഇഷ്ടപെടുന്നുണ്ടോ. “?അതിന് മറുപടിയായി അവളുടെ ഇരു കൈകളും കൂട്ടിപ്പിടിച്ചു കൊണ്ട് അവളെ അവന്റെ നെഞ്ചോട് ചേർത്തു കൊണ്ട് അവൻ പറഞ്ഞു “കൊറോണ എന്ന വൈറസിനെത്തുരത്താൻ ഉപയോഗിക്കുന്ന ഈ മാസ്ക് എല്ലാവരും ഉപേക്ഷിച്ചിട്ടും കുട്ടി ഉപേക്ഷിക്കാതിരുന്നത് എന്നെപ്പോലെയുള്ള വൈറസുകളെ ഒഴിവാക്കാനായിരുന്നല്ലേ. “എന്ന് പൊട്ടിച്ചിരിച്ചു പറഞ്ഞെങ്കിലും അത് കേട്ട് പൊട്ടിക്കരഞ് കൊണ്ട് അന്നേ വരെ എല്ലാവരും അറപ്പോടെയും, വെറുപ്പോടെയും കണ്ടിരുന്ന ആ വികൃതമായ മുച്ചുണ്ട് കൊണ്ട് അവൾ അവന്റെ നെഞ്ചിൽ അവൾ മുത്തമിട്ടു.


