സൗദി അറേബ്യയിലെ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തിന് പിന്നാലെ ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില വീണ്ടും കുതിക്കുന്നു.അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില ചൊവ്വാഴ്ച ഒരു ഘട്ടത്തില്‍ ബാരലിന് 99 ഡോളർ കടന്നു. നിലവില്‍ 98.71 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ആറാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. യു.എസ്. ബെഞ്ച്മാർക്കായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വിലയും 93.96 ഡോളറിലെത്തി.
ഒരാഴ്ചയ്ക്കിടെ ബ്രെന്റ് ക്രൂഡ് വിലയില്‍ എട്ട് ശതമാനത്തോളം വർധനയാണ് രേഖപ്പെടുത്തിയത്. യെമൻ അതിർത്തിക്ക് സമീപമുള്ള സൗദി അറേബ്യയിലെ ചില എണ്ണ ഖനന കേന്ദ്രങ്ങളുടെ പ്രവർത്തനം ഹൂതി ആക്രമണത്തെ തുടർന്ന് താല്‍ക്കാലികമായി നിർത്തിയതാണ് വില ഉയരാൻ പ്രധാന കാരണമായത്. ചൊവ്വാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നതെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു. ചില എണ്ണപ്പാടങ്ങളിലും ഖനന സംവിധാനങ്ങളിലും തീപിടിത്തമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷം കൂടുതല്‍ വ്യാപിക്കുന്നതും ആഗോള എണ്ണവിപണിയില്‍ ആശങ്ക വർധിപ്പിക്കുന്നുണ്ട്. അമേരിക്കയുടെയും ഇറാന്റെയും എണ്ണക്കപ്പലുകള്‍ക്ക് നേരെ തുടർച്ചയായി ആക്രമണങ്ങള്‍ ഉണ്ടാകുന്നത് ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കത്തെ ബാധിച്ചേക്കുമെന്നാണ് വിപണിയുടെ ആശങ്ക. ലോകത്തിലെ പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ നീക്കം തടസപ്പെട്ടാല്‍ ആഗോള വിതരണത്തെ തന്നെ ബാധിച്ചേക്കും.
ശനിയാഴ്ച ഹോർമുസ് കടലിടുക്കില്‍ മൂന്ന് ഇറാനിയൻ കപ്പലുകള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഇതില്‍ ഒരു കപ്പല്‍ ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപമാണ് ആക്രമിക്കപ്പെട്ടത്. ഇതിന് പിന്നാലെ ഇറാനും അമേരിക്കൻ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയതായാണ് റിപ്പോർട്ടുകള്‍. സൗദിയിലെ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ പുതിയ ഹൂതി ആക്രമണം കൂടി വന്നതോടെ പശ്ചിമേഷ്യയിലെ സംഘർഷം എണ്ണവിപണിയിലും വലിയ ചലനമാണ് സൃഷ്ടിക്കുന്നത്.

