ആറുവരി ദേശീയപാതയില്‍ ബസ് സ‌ര്‍വീസുകള്‍ക്ക് വിലക്ക്; നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി.

തിരുവനന്തപുരം: ആറുവരി ദേശീയപാതയിലൂടെ സർവീസ് നടത്തുന്ന സ്റ്റേജ് ക്യാരേജ് ബസുകള്‍ക്കെതിരെ കർശനനടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്.ഇതുവഴി സർവീസ് നടത്തുന്ന സ്റ്റേജ് ക്യാരേജ് ബസുകള്‍ പ്രായാമയവരും കുട്ടികളും ഉള്‍പ്പടെയുള്ള യാത്രക്കാരെ ഹൈവേയില്‍ ഇറക്കിവിടുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് നടപടി.

ഇത്തരത്തില്‍ ഇറക്കിവിടുമ്പോള്‍ ഹൈവേയില്‍നിന്ന് പുറത്തിറങ്ങാൻ കിലോമീറ്ററുകള്‍ നടക്കേണ്ടിവരുന്നെന്ന് കാട്ടി നിരവധിപ്പേരാണ് പരാതിപ്പെടുന്നത്. സർവീസ് റോഡ് ഒഴിവാക്കി ആറുവരിപ്പാതയിലൂടെ മാത്രം സഞ്ചരിക്കുന്ന സ്റ്റേജ് ക്യാരേജ് ബസുകളുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഹൈവേയില്‍ നിർത്തുന്ന ബസുകള്‍ പെട്ടെന്ന് റിവേഴ്‌സ് എടുക്കുന്നത് അപകടത്തിനും കാരണമാകുന്നുണ്ട്.

ഇക്കാര്യങ്ങള്‍ മുൻനിർത്തി നിയമങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ആറുവരിപ്പാതയില്‍ ഒരിടത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്നും ഒരു സ്ഥലത്തും ബസ് സ്റ്റോപുകള്‍ അനുവദിച്ചിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നു. അതിനാല്‍ സ്റ്റേജ് ക്യാരേജ് ബസുകള്‍ക്ക് സർവീസ് റോഡിലൂടെ മാത്രമേ സഞ്ചരിക്കാൻ അനുവാദമുള്ളൂവെന്നും ഇത് ലംഘിച്ചാല്‍ കർശന നടപടി സ്വീകരിക്കുമെന്നുമാണ് മുന്നറിയിപ്പ്.

മോ‌ട്ടോർ വാഹനവകുപ്പ് പങ്കുവച്ച കുറിപ്പ്

ആറുവരി ദേശീയപാതയുടെ പ്രവർത്തി പല സ്‌ട്രെച്ചുകളിലും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. അത്തരം സ്‌ട്രെച്ചുകള്‍ ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടുമുണ്ട്. എന്നാല്‍ ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടുള്ള അത്തരം ഭാഗങ്ങളില്‍ സ്റ്റേജ് കാര്യേജ് ബസുകള്‍ സർവീസ് നടത്തുന്നതായും, യാത്രക്കാരെ ഹൈവേയില്‍ ഇറക്കിവിടുന്നതായും നിരവധി പരാതികള്‍ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീകളും കുട്ടികളും പ്രായമായവരും അടങ്ങുന്ന നിരവധി യാത്രക്കാർക്ക് ഹൈവേയില്‍ നിന്നും പുറത്തിറങ്ങാൻ കിലോമീറ്ററുകള്‍ നടക്കേണ്ടി വരുന്നതായും, പലപ്പോഴും കടുത്ത ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നതായും പരാതികള്‍ ലഭിക്കുന്നുണ്ട്. ആറുവരിപ്പാതയില്‍ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ല, ഒരു സ്ഥലത്തും ബസ് സ്റ്റോപ്പുകളും അനുവദിച്ചിട്ടില്ല. ആയതിനാല്‍ സ്റ്റേജു ക്യാര്യേജ് ബസുകള്‍ നിർബന്ധമായും സർവീസ് റോഡില്‍ കൂടി മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂ. സർവീസ് റോഡ് ഒഴിവാക്കി ആറുവരിയിലൂടെ സർവീസ് നടത്തുന്ന സ്റ്റേജ് കാര്യേജ് വാഹനങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.

spot_img

Related Articles

Latest news