തിരുവനന്തപുരം: സംസ്ഥാനത്തെ ജയില്‍വാസികളെ തീറ്റിപ്പോറ്റാൻ സംസ്ഥാന സർക്കാരിന് വർഷംതോറും ചെലവാകുന്നത് കോടികള്‍.മട്ടൻ വാങ്ങാൻ മാത്രം ജയില്‍ വകുപ്പിന് വര്‍ഷം 5 കോടി 72 ലക്ഷം രൂപ ചെലവിടേണ്ടി വരുന്നുണ്ട്. കിലോയ്ക്ക് ഏതാണ്ട് 885 രൂപ വിലയുള്ള മട്ടൻ ഒഴിവാക്കി, മറ്റ് പ്രോട്ടീൻ വിഭവങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തണമെന്ന നിർദ്ദേശം ജയില്‍ മേധാവി എസ് ശ്രീജിത്ത് ആഭ്യന്തര വകുപ്പിന് നല്‍കി.
മട്ടൻ സ്ഥിരമായി കഴിക്കുന്നത് തടവുകാരില്‍ ജീവിതശൈലീ രോഗങ്ങളുണ്ടാക്കുന്നുണ്ടെന്നും എസ് ശ്രീജിത്തിന്റെ റിപ്പോർട്ട് പറയുന്നു. റെഡ് മീറ്റിന്റെ തുടർച്ചയായ ഉപയോഗം മൂലം തടവുകാരില്‍ ഹൃദ്രോഗ സാധ്യത വർദ്ധിക്കുന്നത് തടയുകയാണ് റിപ്പോർട്ടിന്റെ ഉദ്ദേശ്യം. ഇതിനു പകരം ലീൻ പ്രോട്ടീൻ വിഭവങ്ങള്‍ നല്‍കുക എന്നതാണ് നിർദ്ദേശം. ചിക്കനും മുട്ടയും പകരമായി നല്‍കാം. ഇവയ്ക്ക് വില മട്ടനെ അപേക്ഷിച്ച് മൂന്നിലൊന്ന് മാത്രമേ വരുന്നുള്ളൂ. അതെസമയം മീൻ ഒഴിവാക്കുന്നതിന്റെ കാരണം റിപ്പോർട്ടുകളില്‍ അവ്യക്തമാണ്.
സംസ്ഥാനത്തെ ജയിലുകളില്‍ ശനിയാഴ്ചകളിലാണ് മട്ടൻ വിഭവം നല്‍കുന്നത്. ഇത് കൂടാതെ വിശേഷദിവസങ്ങളിലും മട്ടൻ നല്‍കുന്നുണ്ട്. ബോണ്‍ലെസ് മട്ടനാണ് വിളമ്പുക. തിങ്കളാഴ്ചകളിലും ബുധനാഴ്ചകളിലുമാണ് മത്സ്യ വിഭവങ്ങള്‍ നല്‍കുന്നത്. 140 ഗ്രാം വീതം നല്‍കും. ഇവയ്ക്ക് ബദലായി കോഴിയിറച്ചി, സോയാ ചങ്ക്സ്, മുട്ട എന്നിവ നല്‍കും. ഈ മാറ്റത്തിലൂടെ പ്രതിവർഷം ഏകദേശം 5.7 കോടി രൂപയോളം ലാഭിക്കാൻ സാധിക്കും.
ആട്ടിറച്ചിക്ക് നിലവില്‍ ചെലവാകുന്നത് 5.72 കോടി രൂപ, കോഴിയിറച്ചിയിലേക്ക് മാറുന്നതോടെ 1.26 കോടിയായി കുറയും. മീൻ വിഭവങ്ങള്‍ക്കായി നിലവില്‍ ചെലവാകുന്നത് 4.8 കോടി രൂപയാണ്. സോയാബീനും മുട്ടയും നല്‍കുമ്പോള്‍ ഇത് 3.4 കോടിയായി കുറയും. ഗുണമേന്മയുള്ള മീനും ആട്ടിറച്ചിയും നിരന്തരം ലഭ്യമാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

