തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് പരീക്ഷയില്‍ വന്‍മാറ്റം. റോഡപകടങ്ങള്‍ ഗണ്യമായി കൂടുന്ന സാഹചര്യത്തില്‍ ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം.ഇതിന്റെ ഭാഗമായി ലേണേഴ്സ് ടെസ്റ്റിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് നടത്തും. ഡിസംബര്‍ ഒന്ന് മുതല്‍ ഇത് നടപ്പിലാക്കാനാണ് തീരുമാനം. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ഡ്രൈവിങ് സുരക്ഷ ഉറപ്പാക്കാനുമാണ് പുതിയ തീരുമാനമെന്നാണ് ഗതാഗത കമ്മീഷന്‍ പറയുന്നത്.
നേരത്തേ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ മൂന്ന് കടമ്പകളായിരുന്നു കടക്കേണ്ടിരുന്നത്. ഒന്നാം ഘട്ടത്തില്‍ ലേണേഴ്സ് ടെസ്റ്റ്. അതുകഴിഞ്ഞ് ഒരുമാസത്തിന് ശേഷം ഗ്രൗണ്ട് ടെസ്റ്റ്, പിന്നീട് റോഡ് ടെസ്റ്റ് എന്നിങ്ങനെയായിരുന്നു നിലവിലുള്ള രീതി. ഇതിനിടയിലേക്കാണ് ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് വരുന്നത്. രണ്ടാം ഘട്ടമായാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് നടത്തുക. മൂന്നാം ഘട്ടത്തില്‍ ഗ്രൗണ്ടും നാലാം ഘട്ടത്തില്‍ റോഡ് ടെസ്റ്റും നടത്തും. പുതിയ പരീക്ഷ കൂടി വരുന്നതോടെ ലൈസന്‍സ് ലഭിക്കുകയെന്നത് കുറച്ചുകൂടി പ്രയാസകരമാകും.
അപകട സാധ്യത മുന്‍കൂട്ടി അറിയാനുള്ള കഴിവ് പരിശോധിക്കുന്ന പരീക്ഷയാണിത്. ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞ് 30 ദിവസം കഴിഞ്ഞായിരിക്കും ഈ പരീക്ഷ നടക്കുക. ഡ്രൈവിങിനിടെ ഉണ്ടാകാന്‍ സാധ്യതയുള്ള അപകടസാധ്യതകള്‍ തിരിച്ചറിയാനുള്ള കഴിവാണ് ടെസ്റ്റിലൂടെ വിലയിരുത്തുന്നത്. ഒരു മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള 10 വീഡിയോ ക്ലിപ്പുകള്‍ അടങ്ങിയതായിരിക്കും പരീക്ഷ. വീഡിയോയിലെ അപകട സാധ്യതകള്‍ കൃത്യസമയത്ത് ക്ലിക്ക് ചെയ്ത് തിരിച്ചറിയണം. വൈകുന്നതിനനുസരിച്ച് മാര്‍ക്ക് കുറയും. ടെസ്റ്റില്‍ വിജയിക്കാന്‍ 100ല്‍ കുറഞ്ഞത് 60 മാര്‍ക്ക് നേടേണ്ടത് നിര്‍ബന്ധമാണ്.
ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് വിജയിക്കുന്നവര്‍ക്ക് മാത്രമേ തുടര്‍ന്നുള്ള ഗ്രൗണ്ട്, റോഡ് ടെസ്റ്റുകളില്‍ പങ്കെടുക്കാന്‍ യോഗ്യത ലഭിക്കൂ. ഡ്രൈവിങ് സ്‌കൂളുകള്‍ അടുത്ത മൂന്ന് മാസത്തിനകം വിദ്യാര്‍ഥികള്‍ക്ക് ഇതിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പരിശീലനം നല്‍കണം. ഡ്രൈവിങ് സ്‌കൂളുകളില്‍ ആവശ്യമായ പരിശീലന സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ആര്‍ടിഒമാര്‍ പരിശോധന ആരംഭിക്കും.

