നോർക്ക കെയർ പ്ലസ് അംഗത്വ കാലാവധി നീട്ടണം: മുഖ്യമന്ത്രിക്ക് ഒ.ഐ.സി.സി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നിവേദനം.

റിയാദ്/ആലുവ: പ്രവാസി മലയാളികളുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്സ് നടപ്പിലാക്കുന്ന ‘നോർക്ക കെയർ പ്ലസ്’ പദ്ധതിയുടെ അംഗത്വം പുതുക്കുന്നതിനും ചേരുന്നതിനുമുള്ള കാലാവധി ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒ.ഐ.സി.സി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി കേരള മുഖ്യമന്ത്രി വിഡി സതീശന് നിവേദനം സമർപ്പിച്ചു.

നിലവിൽ സെപ്റ്റംബർ 18 വരെ മാത്രമാണ് പദ്ധതിയിൽ അംഗത്വം നേടുന്നതിനും പുതുക്കുന്നതിനും സമയം അനുവദിച്ചിട്ടുള്ളത്. പ്രവാസികളിൽ വലിയൊരു വിഭാഗത്തിന് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുന്നതിനും വിവിധ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും കൂടുതൽ സമയം അനുവദിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.

മുഖ്യമന്ത്രിയുടെ ആലുവയിലെ വസതിയിൽ വെച്ചാണ് നിവേദനം കൈമാറിയത്. ഒ.ഐ.സി.സി റിയാദ് മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ധീഖ് കല്ലുപ്പറമ്പൻ ഇതിനുള്ള അവസരമൊരുക്കി. ജില്ലാ ട്രഷറർ സാദിഖ് വടപുറം, സെക്രട്ടറി ഉണ്ണി വാഴയൂർ എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്.

പ്രവാസി മലയാളികൾക്ക് ഏറെ പ്രയോജനകരമായ ആരോഗ്യ പരിരക്ഷാ പദ്ധതിയാണ് നോർക്ക കെയർ പ്ലസ്. ചികിത്സാ ചെലവുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രവാസി കുടുംബങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നത് ഏറെ പ്രധാനമാണെന്നും, സമയപരിധി കുറവായതിനാൽ പദ്ധതിയിൽ അംഗമാകാൻ കഴിയാത്തവർക്ക് അവസരം ലഭിക്കുന്ന തരത്തിൽ കാലാവധി നീട്ടേണ്ടതുണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

നിവേദനം സ്വീകരിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ വിഷയം പ്രാധാന്യത്തോടെ പഠിച്ച് ആവശ്യമായ അനുഭാവപൂർവ്വമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതായി ഒ.ഐ.സി.സി നേതാക്കൾ അറിയിച്ചു.

പ്രവാസികളുടെ വിവിധ പ്രശ്നങ്ങളിൽ ഇടപെടുന്നതിനൊപ്പം അവരുടെ ക്ഷേമവുമായി ബന്ധപ്പെട്ട പദ്ധതികൾ കൂടുതൽ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ഇടപെടലുകളും തുടരുമെന്ന് ഒ.ഐ.സി.സി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

പ്രവാസി സമൂഹത്തിന്റെ ആരോഗ്യ സുരക്ഷയും ക്ഷേമവും മുൻനിർത്തി നടത്തിയ ഇടപെടലിന് വിവിധ കോണുകളിൽ നിന്ന് പിന്തുണയും അഭിനന്ദനവും ലഭിക്കുന്നുണ്ട്.

spot_img

Related Articles

Latest news