റിയാദ്: വിമാനങ്ങള് ലഭ്യമല്ലാത്തത് കാരണം വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരുവിധ പിഴയും ഇല്ലാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന് അധികൃതര് അനുവാദം നല്കി.ഇന്ത്യന് എംബസിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ നിലവിലെ പശ്ചാത്തലത്തില് ഇന്ത്യന് പൗരന്മാര് അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന് എംബസി കര്ശന നിര്ദ്ദേശം നൽകി.
വിമാനത്താവളങ്ങളുടെ പ്രവര്ത്തനവും വിമാന സര്വീസുകളും താളം തെറ്റിയത് മൂലം സൗദിയില് കുടുങ്ങിയ നിരവധി ഇന്ത്യക്കാരുണ്ട്. സന്ദര്ശക വിസയിലും, ടൂറിസ്റ്റ് വിസയിലും, ഉംറ വിസയിലും, ബിസിനസ് വിസയിലുമൊക്കെ സൗദിയിലെത്തിയ ഇവരില് പലരുടെയും വിസാ കാലാവധി ഇതിനകം തീര്ന്നു. ഇങ്ങിനെയുള്ളവര്ക്ക് ഏറെ ആശ്വാസം നല്കുന്നതാണ് പുതിയ തീരുമാനം. വിമാനങ്ങള് ലഭ്യമല്ലാത്തത് കാരണം വിസാ കാലാവധി തീര്ന്നവര്ക്ക് യാതൊരുവിധ പിഴയും ഒടുക്കാതെ രാജ്യം വിടാമെന്ന് സൗദിയിലെ ഇന്ത്യന് എംബസി അറിയിച്ചു. എങ്കിലും വിമാന സര്വീസുകള് ലഭ്യമാകുന്ന മുറയ്ക്ക് എത്രയും പെട്ടെന്ന് രാജ്യം വിടേണ്ടതാണ്. നാട്ടിലേക്ക് മടങ്ങാന് ആഗ്രഹിക്കുന്നവര്ക്ക് ഖത്തര്, ബഹ്റൈന് തുടങ്ങിയ അയല്രാജ്യങ്ങളിലെ വിമാനത്താവളങ്ങള് വഴി ലഭ്യമാകുന്ന വിമാനങ്ങളും ഉപയോഗപ്പെടുത്താവുന്നതാണ് എന്നും എംബസി ഓര്മിപ്പിച്ചു.
സൗദിയിലെ നിലവിലെ സാഹചര്യത്തില് രാജ്യത്തുള്ള എല്ലാ ഇന്ത്യന് പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്ന് എംബസി കര്ശന നിര്ദ്ദേശം നല്കി. റിയാദ് വിമാനത്താവള ആക്രമണത്തില് പരിക്കേറ്റ ഇന്ത്യന് പൗരന്മാരില് 4 പേര് തീവ്രപരിചരണ വിഭാഗത്തിലും 4 പേര് സാധാരണ വാര്ഡിലും ചികിത്സയിലാണെന്ന് എംബസി അറിയിച്ചു. ആക്രമനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും ഒഴിവാക്കണമെന്ന് എംബസി നിര്ദേശിച്ചു.

