കിഫ്ബി പരാമര്‍ശത്തില്‍ ഐസക്
തിരുവനന്തപുരം : കിഫ്ബിക്കെതിരെ വിമര്‍ശനം ഉന്നയിച്ച കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതരാമന് മറുപടിയുമായി മന്ത്രി ഡോ.ടി.എം.തോമസ് ഐസക്. ആരോ എഴുതിത്തന്നത് തത്തമ്മേ പൂച്ച പൂച്ച എന്ന് യാന്ത്രികമായി വായിക്കുമ്പോള്‍, വഹിക്കുന്ന പദവിയുടെ അന്തസാണ് ഇടിഞ്ഞു പോകുന്നത് എന്ന് നിര്‍മലാ സീതാരാമന് തിരിച്ചറിയണമായിരുന്നുവെന്ന് തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു.
കിഫ്ബിയെക്കുറിച്ചും സംസ്ഥാന ബഡ്ജറ്റിനെക്കുറിച്ചുമൊക്കെ പമ്പരവിഡ്ഢിത്തങ്ങളാണ്പ റഞ്ഞത്. പറഞ്ഞ വിഷയങ്ങളിലൊന്നും ഒരു ധാരണയും തനിക്കില്ലെന്ന് തെളിയിക്കുന്നതായിപ്പോയി അവര്‍ നടത്തിയ പരാമര്‍ശങ്ങള്‍. ഷെയിം ഓണ്‍ യൂ എന്ന് തുറന്നു പറഞ്ഞാല്‍ കേന്ദ്ര ധനമന്ത്രി ഖേദിക്കരുതെന്നും തോമസ് ഐസക് കുറിച്ചു.
കേരളത്തിലെ എല്ലാ പദ്ധതി നിര്‍വഹണവും കൈകാര്യം ചെയ്യുന്നത് കിഫ്ബിയാണെന്നും ഇത് എന്ത് തരം ബഡ്ജറ്റ് തയ്യാറാക്കലാണെന്നും നിര്‍മ്മല സീതാരാമന് കൊച്ചയില്‍ വിജയ യാത്രയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞിരുന്നു. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സി.എ.ജി പറഞ്ഞിട്ടുണ്ടെന്നും നിര്‍മല സീതാരാമന് ചൂണ്ടിക്കാട്ടിയിരുന്നു.