റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും പ്രവർത്തകരുടെ നേതൃത്വശേഷി വർധിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച ‘ദൗത്യം 27’ സംഘടനാ ശിൽപശാല ശ്രദ്ധേയമായി. ‘നവചിന്തയോടെ സംഘടിത മുന്നേറ്റത്തിന്’ എന്ന സന്ദേശവുമായി ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ശിൽപശാലയിൽ റിയാദിലെ വിവിധ ജില്ലാ കമ്മിറ്റികളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 127 പ്രവർത്തകർ പങ്കെടുത്തു.
ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ശിൽപശാല ഉദ്ഘാടനം ചെയ്തു. സംഘടനാ ജനറൽ സെക്രട്ടറിയും പ്രോഗ്രാം കോർഡിനേറ്ററുമായ ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റി അംഗം ഷിഹാബ് കൊട്ടുകാട്, മുൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹ്മാൻ മുനമ്പത്ത്, ഗ്ലോബൽ കമ്മിറ്റി അംഗം നൗഫൽ പാലക്കാടൻ, ബിടിസി നെറ്റ്വർക്ക്സ് ഡയറക്ടറും കരിയർ ഗൈഡൻസ് ട്രെയിനറുമായ അബ്ദുൽ അസീസ് തങ്കയത്തിൽ, മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സമീർ മാളിയേക്കൽ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി സക്കീർ ദാനത്ത് ആമുഖപ്രഭാഷണം നടത്തി. വർക്കിങ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് സ്വാഗതവും ജോയിന്റ് ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി നന്ദിയും പറഞ്ഞു.
നേതൃത്വ പരിശീലനം, ജീവകാരുണ്യ പ്രവർത്തനം, സോഷ്യൽ മീഡിയയുടെ ഫലപ്രദമായ ഉപയോഗം, ജില്ലാ കമ്മിറ്റി ഏകോപനം, സുരക്ഷാ പദ്ധതി തുടങ്ങിയ വിഷയങ്ങളിൽ വിവിധ പരിശീലന സെഷനുകൾ നടന്നു. അബ്ദുൽ അസീസ് തങ്കയത്തിൽ നേതൃത്വഗുണങ്ങളും പ്രചോദനവും സംബന്ധിച്ച ക്ലാസ് നയിച്ചു. ഷിഹാബ് കൊട്ടുകാട് ജീവകാരുണ്യ പ്രവർത്തനങ്ങളിലെ അനുഭവങ്ങൾ പങ്കുവെച്ച് ചാരിറ്റി ആൻഡ് വെൽഫെയർ പരിശീലനം നൽകി. സംഘടനാ പ്രവർത്തനങ്ങളിൽ സോഷ്യൽ മീഡിയയുടെ സാധ്യതകളെക്കുറിച്ച് നൗഫൽ പാലക്കാടൻ സംസാരിച്ചു.
സംഘടനാ സംവിധാനവും ജില്ലാ കമ്മിറ്റികളുമായുള്ള ഏകോപനവും സംബന്ധിച്ച് അബ്ദുള്ള വല്ലാഞ്ചിറ വിശദീകരിച്ചു. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതിയുടെ നാലാം വർഷത്തെ പ്രവർത്തനങ്ങളും അംഗത്വം പുതുക്കുന്നതിനും പുതിയ അംഗങ്ങളെ ചേർക്കുന്നതിനുമുള്ള നടപടികളും നവാസ് വെള്ളിമാടുകുന്ന് അവതരിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി വിവിധ മേഖലകളിൽ സംഘടനയ്ക്കും സമൂഹത്തിനും സംഭാവനകൾ നൽകിയവരെ ആദരിക്കുകയും സമ്മാനങ്ങളും മെമെന്റോകളും കൈമാറുകയും ചെയ്തു. യഹിയ കൊടുങ്ങല്ലൂർ, അമീർ പട്ടണത്ത്, ഷുക്കൂർ ആലുവ, ബാലു കുട്ടൻ, സെയ്ഫ് കായംകുളം, മാള മുഹ്യദ്ദീൻ, റഫീഖ് വെമ്പായം, അഡ്വ. എൽ.കെ. അജിത്ത്, നാദിർഷാ റഹ്മാൻ, മുഹമ്മദ് ഖാൻ, ഹക്കീം പട്ടാമ്പി, അശ്റഫ് മേച്ചേരി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
ശിൽപശാലയുടെ വിജയകരമായ നടത്തിപ്പിന് വിവിധ ജില്ലാ കമ്മിറ്റി പ്രസിഡന്റുമാരായ നാസർ വലപ്പാട്, ഷാജി മഠത്തിൽ, നസീർ ഹനീഫ, ബഷീർ സാപ്റ്റിക്കോ, വിൻസന്റ് ജോർജ്, ഒമർ ഷരീഫ്, ഷിഹാബ് കരിമ്പാറ, സന്തോഷ് ബാബു കണ്ണൂർ, സിജോ വയനാട്, ബാബു കുട്ടി പത്തനംതിട്ട, ഷബീർ വരിക്കപ്പള്ളി, റിജോ എറണാകുളം എന്നിവർ നേതൃത്വം നൽകി.
സംഘടനാ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതിനും പ്രവർത്തകരിൽ ഉത്തരവാദിത്തബോധവും നേതൃത്വപാടവവും വളർത്തുന്നതിനും ലക്ഷ്യമിട്ട് സംഘടിപ്പിച്ച ‘ദൗത്യം 27’ വരുംകാല ഒഐസിസി പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്ന കൂട്ടായ്മയായി മാറി.

