കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിൽ ഭാഗത്തുനിന്ന് വന്ന ഓപ്പൺ ജീപ്പ് പിടിക്കപ്പാറയ്ക്ക് സമീപം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരിച്ചതായും അഞ്ചുപേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു.
അപകടം നടന്നയുടൻ നാട്ടുകാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. പരിക്കേറ്റവരെ ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെത്തുടർന്ന് പ്രദേശത്ത് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.
മാറാട് സ്വദേശികളായ എട്ടുപേർ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ആറുപേരെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

