റിയാദ്/കൊച്ചി: മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയ സാങ്കേതിക അധ്യായത്തിന് തുടക്കമിട്ട് മലയാളത്തിലെ ആദ്യ AI ആർട്ട്‌ഹൗസ് സിനിമയായ ‘വാഗ്‌ദത്തഭൂമി’ റിലീസിന് ഒരുങ്ങുന്നു. ഇന്ത്യയിലെ ആദ്യ AI ആർട്ട്‌ഹൗസ് സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലോക സിനിമയുടെ കലാസൗന്ദര്യവും ആധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയും സംയോജിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
പ്രശസ്ത സ്വതന്ത്ര ചലച്ചിത്രകാരൻ സിദ്ധിക്ക് പറവൂർ സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തിലെ മലയോര ജനജീവിതം, കുടിയേറ്റത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ, മനുഷ്യന്റെ പിതൃഭൂമിയോടുള്ള ആത്മബന്ധം തുടങ്ങിയ വിഷയങ്ങളെ ആഴത്തിൽ അവതരിപ്പിക്കുന്നു.
കേരളത്തിലെ മലയോര കർഷകനായ സോളമൻ, ഭാര്യ ക്ലാര, മകൻ സാം എന്നിവരുടെ ജീവിതത്തിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്. തൊഴിൽ തേടി കാനഡയിലേക്ക് കുടിയേറിയ സാം പിതാവിന്റെ സമ്മതമില്ലാതെ പാരമ്പര്യ വീടും കൃഷിഭൂമിയും വിൽക്കാൻ ശ്രമിക്കുമ്പോൾ, തലമുറകളുടെ ഓർമ്മകൾ നിറഞ്ഞ മണ്ണ് വിട്ടുനൽകാൻ തയ്യാറാകാത്ത സോളമനും മകനും തമ്മിൽ ഉയരുന്ന വൈകാരിക സംഘർഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
പുതുതലമുറയുടെ കുടിയേറ്റ പ്രവണത കേരളത്തിലെ മലയോര മേഖലകളെ വയോധികരുടെ താഴ്‌വരകളാക്കി മാറ്റുന്ന സാമൂഹിക യാഥാർഥ്യവും ചിത്രം ചർച്ച ചെയ്യുന്നു. ഭൂമി വെറും സ്വത്തല്ല, മനുഷ്യന്റെ ഓർമ്മകളും വേരുകളും ആത്മാവുമാണെന്ന സന്ദേശമാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്.
ചിത്രത്തിന്റെ നിർമ്മാതാവ് ഷാജു വലപ്പൻ ശ്രദ്ധേയമായ ‘നിഴൽ വ്യാപാരികൾ’ എന്ന ചിത്രത്തിന്റെ സംവിധായകനും കേരള സംസ്ഥാന ഫിലിം ക്രിട്ടിക് അവാർഡ് ജേതാവുമാണ്.
സൗദി അറേബ്യയിലെ റിയാദിൽ മൂന്ന് പതിറ്റാണ്ടായി പ്രവാസി വ്യവസായിയായ ഷാജു വലപ്പൻ, ഇരിങ്ങാലക്കുട കല്ലേറ്റുംകര സ്വദേശിയാണ്. വ്യത്യസ്തമായ സിനിമാ പരീക്ഷണങ്ങളെ പിന്തുണച്ചുവരുന്ന അദ്ദേഹം AI സിനിമ എന്ന പുതിയ ദൃശ്യസാങ്കേതിക പരീക്ഷണത്തിനും നേതൃത്വം നൽകുകയാണ്.
ഇന്ത്യൻ പനോരമ ഉൾപ്പെടെ നിരവധി ദേശീയ-അന്തർദേശീയ ചലച്ചിത്രമേളകളിൽ സിനിമകൾ പ്രദർശിപ്പിച്ചിട്ടുള്ള സംവിധായകനാണ് സിദ്ധിക്ക് പറവൂർ. സാമൂഹിക വിഷയങ്ങളെ ആഴമുള്ള ദൃശ്യഭാഷയിലൂടെ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ പുതിയ പരീക്ഷണമാണ് ‘വാഗ്‌ദത്തഭൂമി’.
AI സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായി ഇഹ്‌ലാസ് റഹ്മാൻ പ്രവർത്തിക്കുന്നു. വലപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ ലിൻസി ഷാജു വലപ്പന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. നോയൽ ഷാജു വലപ്പൻ, നോവ ഷാജു വലപ്പൻ, നേഹ ഷാജു വലപ്പൻ, ജോസ് മാമ്പിള്ളി, ജലീൽ ബദുഷ, സുരേഷ് നെല്ലിക്കോട്, ചന്ദ്രബോസ്, റഷീദ് മുഹമ്മദ്, സിദ്ദിഖ് കാക്കു, നസീമ അറക്കൽ, നിഖില പി. സോമൻ, ജസീന കായംകുളം എന്നിവരാണ് പിന്നണി പ്രവർത്തകർ.
ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് മോഡലുകളായി ഷാജു വലപ്പൻ, ഡോ. അനശ്വര, സുരേഷ് നെല്ലിക്കോട്, നോയൽ ഷാജു വലപ്പൻ, ജോസ് മാമ്പിള്ളി, നസീമ അറക്കൽ, റഷീദ് മുഹമ്മദ്, സിദ്ദിഖ് കാക്കു, ഷഹന ടീച്ചർ, പ്രസിൻ കെ. പോണത്, നൗഷാദ് സാഗ, ബക്കർ മാടവന, സിദ്ധിക്ക് പറവൂർ എന്നിവർ എത്തുന്നു.
ക്ലാസിക് ലോകസിനിമയുടെ ദൃശ്യഭാഷയും AI ഇമേജ് സൃഷ്ടി സാങ്കേതികവിദ്യയും ചേർന്ന വ്യത്യസ്തമായ സിനിമാറ്റിക് അനുഭവമാണ് ‘വാഗ്‌ദത്തഭൂമി’ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
കുറഞ്ഞ ചെലവിൽ ലോകോത്തര ദൃശ്യാനുഭവങ്ങൾ സൃഷ്ടിക്കാനുള്ള AI സാങ്കേതികവിദ്യയുടെ സാധ്യതകൾ തെളിയിക്കുന്ന ഈ ചിത്രം സ്വതന്ത്ര സിനിമാ ലോകത്തിന് പുതിയ വഴികൾ തുറക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.
ചന്ദ്രബോസ് ബോസ് ബാൻഡ്, കൊടുങ്ങല്ലൂരാണ് ചിത്രത്തിന്റെ സ്റ്റുഡിയോ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

