കൊച്ചി: അനധികൃതമായി വ്യാജമദ്യമടക്കം വീട്ടില്‍ സൂക്ഷിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി അനുവദിച്ചത്. മാനന്തവാടി ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ആൻ്റോ അഗസ്റ്റിന് കോടതി ഉത്തരവ് ലഭ്യമാകുന്ന മുറയ്ക്ക് ജയിലില്‍ നിന്ന് നടപടികള്‍ പൂർത്തിയാക്കി പുറത്തിറങ്ങാനാവും. ഇന്ന് തന്നെ ഇദ്ദേഹം ജയില്‍ മോചിതനാകുമെന്നാണ് കരുതുന്നത്.
സർക്കാരിന് വേണ്ടി ഹാജരായ ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷൻ ടി ആസിഫ് അലി ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. എക്സൈസിന്റെ ചോദ്യം ചെയ്യലിനോട് പ്രതി സഹകരിച്ചില്ലെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചു. വീട് ആന്റോ അഗസ്റ്റിന്റേത് തന്നെയെന്ന് തെളിയിക്കാൻ വോട്ടർ പട്ടികയിലെ വിവരങ്ങള്‍, കെഎസ്ഇബി ബില്ല്, വില്ലേജ് രേഖകള്‍ എന്നിവയും സർക്കാർ കോടതിയില്‍ ഹാജരാക്കി. എന്നാല്‍ സാധാരണ നിലയില്‍ വിദേശമദ്യ കേസുകളില്‍ ജാമ്യം അനുവദിക്കാറുണ്ടെന്ന് നിരീക്ഷിച്ച കോടതി ആന്റോ അഗസ്റ്റിന് ജാമ്യം അനുവധിക്കുകയായിരുന്നു. വീട്ടില്‍ അനധികൃതമായി മദ്യം സൂക്ഷിച്ച കേസില്‍ കഴിഞ്ഞ പതിനേഴിനാണ് ആന്റോ അറസ്റ്റിലായത്.

