ഇടുക്കി: വട്ടവടയില്‍ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു. കൊട്ടക്കമ്പൂർ അമ്മൻ കോവിലിന് സമീപമാണ് അപകടമുണ്ടായത്.ചിന്നമ്മ, ബാലചന്ദ്രൻ എന്നിവരാണ് മരിച്ചത്. ഇരുവരും സഹോദരങ്ങളാണ്. കൃഷിഭൂമിയില്‍ ജോലി ചെയ്യുകയായിരുന്ന മൂന്നുപേരാണ് ശക്തമായ മഴയെ തുടർന്ന് ഷെഡിലേക്ക് മാറിയത്. ഇതിനിടെയാണ് സമീപത്തെ മണ്ണ് ഇടിഞ്ഞ് ഷെഡിന് മുകളിലേക്ക് പതിച്ചത്. അപകടത്തില്‍ ബാലചന്ദ്രന്റെ ഭാര്യ മാരിയമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഷെഡിനടിയില്‍പ്പെട്ടവരെ പുറത്തെടുത്തത്. ചിന്നമ്മയുടെയും ബാലചന്ദ്രന്റെയും മൃതദേഹങ്ങള്‍ പുറത്തെടുത്തതായി അധികൃതർ അറിയിച്ചു. വട്ടവട മേഖലയില്‍ ദിവസങ്ങളായി ശക്തമായ മഴ തുടരുകയാണ്. നീലക്കുറിഞ്ഞി പൂത്തതും ഗണേശോത്സവവും കാരണം വട്ടവടയിലേക്കുള്ള റോഡില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്ന് ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് പറഞ്ഞു. രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിനായി ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ പൊലീസിന് നിർദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിദൂര മേഖലകളിലെ റോഡ് ശൃംഖല, ആശയവിനിമയ സംവിധാനം, ചികിത്സാ സൗകര്യങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അവ ഉടൻ സർക്കാരിന് സമർപ്പിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

