ദമ്മാം: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷണൽ കമ്മിറ്റി ‘ഇസ്ലാം: നിർഭയത്വവും സമാധാനവും’എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ദേശീയ ക്യാമ്പെയ്നിന്റെ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദമ്മാം, അൽ ഖോബാർ യൂത്ത് വിംഗുകൾ സംയുക്തമായി സംഘടിപ്പിച്ച ഏകദിന കൗമാര വിദ്യാർത്ഥി സംഗമം ‘ടീൻസ്പേസ്’ സമാപിച്ചു. ദമ്മാം ഇസ്ലാമിക് കൾച്ചറൽ സെന്ററിൽ നടന്ന പരിപാടിയിൽ 200-ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.അബ്ദുൽ ജബ്ബാർ മദീനി ഉദ്ഘാടനം ചെയ്തു. കൗമാരക്കാർ നേരിടുന്ന ലഹരി ഉപയോഗം, അനിയന്ത്രിതമായ ലിബറലിസം തുടങ്ങിയ വെല്ലുവിളികളെക്കുറിച്ചും ധാർമ്മിക ബോധവും ആത്മവിശ്വാസവുമുള്ള തലമുറയെ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മൂസ, നൗഷാദ്, സക്കരിയ, ലത്തീഫ് എന്നിവർ സംബന്ധിച്ചു.
‘ഞാൻ ആര്?’, ‘സൗഹൃദവും കൂട്ടായ്മയുടെ സമ്മർദ്ദങ്ങളും FOMO-യും’, ‘ഇസ്ലാമിക ചരിത്രത്തിലെ കൗമാരക്കാർ’, ‘സ്ക്രീൻ ടൈം: ഡോപാമിനും പരിഹാരങ്ങളും’ തുടങ്ങിയ വിഷയങ്ങളിൽ ഉസാമ ബിൻ ഫൈസൽ മദീനി, ഇബ്രാഹിം അൽ ഹികമി, അജ്മൽ ഫൗസാൻ അൽ ഹികമി, അർഷദ് ബിൻ ഹംസ എന്നിവർ ക്ലാസുകൾ നയിച്ചു. അബ്ദുൽ ജബ്ബാർ മദീനി സമാപന പ്രഭാഷണം നടത്തി.
സംഗമത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായുള്ള പുതിയ ഫുട്ബോൾ ക്ലബ്ബിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു. കൂടാതെ, തുടർപ്രവർത്തനങ്ങളുടെ ഭാഗമായി ‘തദ്കിറ’ പ്രതിമാസ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.
ഐസ് ബ്രേക്കിംഗ് ഗെയിമുകൾ, ക്വിസ്, പീസ് റേഡിയോ പരിചയപ്പെടുത്തൽ, പ്രഭാഷകരും വിദ്യാർത്ഥികളും പങ്കെടുത്ത ചോദ്യോത്തര പാനൽ, കൗൺസിലിംഗ് ഡെസ്ക് എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. നാസിഷ് നന്ദി രേഖപ്പെടുത്തി.

