തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങള്‍ മാത്രം അവശേഷിക്കവെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു.വിവിധ ഏജൻസികളാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെയാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടത്. ടൈംസ് നൗ എക്സിറ്റ് പോള്‍ അനുസരിച്ച് കേരളത്തില്‍ യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചെത്തും.
പീപ്പിള്‍ പള്‍സ് എക്സിറ്റ് സർവെയും യുഡിഎഫിന് ഭരണം ലഭിക്കുമെന്ന് പ്രവചിക്കുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഏപ്രില്‍ 29-നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. ദേശീയ മാധ്യമങ്ങളും വിവിധ ഏജൻസികളും അന്ന് എല്‍ഡിഎഫിന് തുടർഭരണം പ്രവചിച്ചിരുന്നു. പിന്നീട് വോട്ടെണ്ണല്‍ ഫലം വന്നപ്പോള്‍ ആ പ്രവചനങ്ങള്‍ ശരിവെക്കപ്പെട്ടിരുന്നു. സാധാരണ സർവേകളേക്കാള്‍ എക്സിറ്റ് പോളുകള്‍ക്ക് കൂടുതല്‍ വിശ്വാസ്യത ഉണ്ടെന്ന ധാരണ നിലനില്‍ക്കുന്നതിനാല്‍, ഇന്നത്തെ ഫലങ്ങള്‍ രാഷ്ട്രീയ പാർട്ടികള്‍ ഏറെ ആവേശത്തോടെയും ഉത്കണ്ഠയോടെയും കാത്തിരിക്കുകയാണ്.
2021ലെ 11 എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ആറും എല്‍ഡിഎഫിന് അനുകൂലമായിരുന്നു. 84-92, 104-120, 93-111, 72-79, 72-80, 71-77 എന്നിങ്ങനെയായിരുന്നു ആ പ്രവചനങ്ങള്‍. വോട്ടെണ്ണിയപ്പോള്‍ 99 സീറ്റുമായി എല്‍ഡിഎഫ് അധികാരം നിലനിർത്തി. 11ല്‍ ഒരു എക്സിറ്റ് പോളില്‍ മാത്രമാണ് യുഡിഎഫ് മുന്നിലെത്തിയത്. ബാക്കി നാലും പ്രവചിച്ചത് ഒപ്പത്തിനൊപ്പമുള്ള മത്സരവും അതില്‍ നേരിയ വിജയവുമായിരുന്നു. എൻഡിഎയെ സംബന്ധിച്ച കണക്കുകൂട്ടലുകള്‍ പക്ഷേ, മിക്കതിലും പിഴച്ചു. നാല് എക്സിറ്റ് പോളുകള്‍ 0-2 സാധ്യത പ്രവചിച്ചത് ഒഴിച്ചാല്‍ എൻഡിഎക്ക് ഉറപ്പായും സീറ്റ് ലഭിക്കുമെന്ന സാധ്യതയാണ് മറ്റെല്ലാ എക്സിറ്റ് പോളുകളിലും ഉണ്ടായിരുന്നത്. ഒരു എക്സിറ്റ് പോള്‍ എൻഡിഎക്ക് 2 മുതല്‍ 7 വരെ സീറ്റ് പ്രവചിച്ചു. വോട്ടെണ്ണിയപ്പോള്‍ പക്ഷേ, 2016ല്‍ തുറന്ന അക്കൗണ്ട് ബിജെപിക്ക് പൂട്ടേണ്ടിവന്നു.
ഇത്തവണ വോട്ടെടുപ്പിനു മുൻപു പുറത്തുവന്ന സർവേഫലങ്ങള്‍ സമ്മിശ്രമായിരുന്നു; എല്‍ഡിഎഫിനും യുഡിഎഫിനും സാധ്യത കല്പിക്കപ്പെട്ടു. ചിലതില്‍ ഒപ്പത്തിനൊപ്പമുള്ള മത്സരവും പ്രവചിക്കപ്പെട്ടു. സർവേകള്‍ ആർക്കും വ്യക്തമായ സാധ്യത നല്‍കാത്ത ഈ സാഹചര്യവും എക്സിറ്റ് പോളുകളെ സംബന്ധിച്ച ആകാംക്ഷ വർധിപ്പിക്കുന്നു.
കേവലഭൂരിപക്ഷത്തിനു വേണ്ട സീറ്റുകളോടെ കടന്നുകൂടുമെന്ന പ്രതീക്ഷയില്‍ത്തന്നെയാണ് എല്‍ഡിഎഫ്. ഭേദപ്പെട്ട വിജയം തൊട്ടടുത്തെത്തിയെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ഏതാനും സീറ്റുകളില്‍ ജയിച്ചുവരാൻ കഴിയുമെന്ന് ബിജെപിയും വിശ്വസിക്കുന്നു.

