കമുകിലൂടെ വലിഞ്ഞുകയറുന്ന ‘വണ്ടര്‍ ക്ലൈംബര്‍’.

കോഴിക്കോട്: കമുകിലൂടെ വലിഞ്ഞുകയറുന്ന ‘വണ്ടര്‍ ക്ലൈംബര്‍’. മൂപ്പെത്തിയ അടയ്ക്ക കുലയോടെ അടര്‍ത്തിയെടുത്ത് കൈക്കുമ്ബിളില്‍ സൂക്ഷിക്കും.ഒരെണ്ണം പോലും തെറിച്ചുപോകാതെ മെല്ലെ താഴേക്കിറങ്ങും.പത്തു വര്‍ഷം മുമ്ബ് കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം മായനാട്ടെ പ്രകാശന്‍ തട്ടാരിയെന്ന റിട്ടയേഡ് സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥന്‍ കണ്ടുപിടിച്ച യന്ത്രത്തിന് വന്‍ ഡിമാന്റ്. ഇതുവരെ സ്വന്തം കൈകൊണ്ട് ഉണ്ടാക്കി പ്രകാശന്‍ വിറ്റത് 5000ത്തോളം മെഷീനുകള്‍.

ഒരേക്കറോളം സ്ഥലമുണ്ട് പ്രകാശന്. അതില്‍ നിറയെ തെങ്ങും കമുകുകളും. കമുകില്‍ കയറാന്‍ ആളെകിട്ടാനില്ല. ഇനി കിട്ടിയാല്‍ തന്നെ ലഭിക്കുന്ന അടയ്ക്കയേക്കാള്‍ വിലകൊടുക്കണം. അങ്ങിനെയാണ് പ്രകാശന്‍ വണ്ടര്‍ ക്ലൈബറിന് രൂപം നല്‍കിയത്. അതിനായി രണ്ടുവര്‍ഷമെടുത്തു.സ്വന്തം പറമ്ബില്‍ വിജയിച്ചതോടെ പ്രകാശന്‍ പേറ്റന്റിന് അപേക്ഷിച്ചു. പേറ്റന്റ് ലഭിച്ചതോടെ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മാണവും വില്‍പനയും തുടങ്ങി. വീടിന് അടുത്തായിതന്നെയുള്ള ‘പ്രകാടെക്’ (പ്രകാശന്‍ ടെക്‌നോളജി) ഷോപ്പില്‍ നിന്നു നേരിട്ടും ഓണ്‍ലൈനായും വാങ്ങാം. രണ്ടുതരം മെഷീനുണ്ട്. ആദ്യത്തെ മെഷീന്‍ അടയ്ക്ക ഇടാന്‍ മാത്രം. രണ്ടാമത്തേത് അടയ്ക്ക ഇടാനും മരുന്ന് തളിക്കാനും വേണ്ടിയുള്ളതാണ്. കാര്‍ഷിക സബ്‌സിഡിയിലൂടെ വാങ്ങാനും സൗകര്യമുണ്ട്. തേങ്ങപൊതിക്കാനുള്ള ഇലക്‌ട്രിക് യന്ത്രവും കുരുമുളക് പറിക്കാനുള്ള മെഷീനും പ്രകാശന്‍ വികസിപ്പിച്ചിട്ടുണ്ട്. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. 2022ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ബെസ്റ്റ് ഇന്നൊവേറ്റര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.രണ്ട് കപ്പികളിലായി തൂങ്ങുന്ന കയറുകളാണ് യന്ത്രത്തെ നിയന്ത്രിക്കുന്നത്. പിന്നെ രണ്ട് റിംഗ്, ഒരു കുലതാങ്ങി, സ്പ്രിംഗ് ഇങ്ങനെ നിസാരമാണ് കാര്യങ്ങള്‍.യന്ത്രത്തെ കവുങ്ങില്‍ ഫിറ്റാക്കിയാല്‍ പിന്നെ കാര്യങ്ങള്‍ കയര്‍ നിയന്ത്രിച്ചോളും. ഏറിയാല്‍ ഒരു പത്ത് മിനുട്ട് കൊണ്ട് കുല താഴെയെത്തും.

spot_img

Related Articles

Latest news