കൊൽക്കത്ത: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുമ്പോൾ റാലിയിലെ ആൾക്കൂട്ടത്തിൽ അഭിരമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളിലെ അസൻസോളിൽ ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ ആദ്യമായാണ് ഇത്തരമൊരു കൂറ്റൻ റാലിക്ക് സാക്ഷ്യം വഹിക്കുന്നതെന്നും നിങ്ങൾ ശക്തി തെളിയിച്ചുവെന്നും അദ്ദേഹം ആൾക്കൂട്ടത്തെ നോക്കി ആവേശഭരിതനായി.
ഒറ്റ ദിവസംകൊണ്ട് രാജ്യത്ത് രണ്ടര ലക്ഷത്തോളം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തന്നെയാണ് ബി.ജെ.പിയുടെ വൻ റാലി.
‘ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ ഞാനിവിടെ രണ്ടുതവണ വന്നു. അവസാനം വന്നത് കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോക്ക് വോട്ട് ചോദിക്കാനായിരുന്നു. ആദ്യതവണ സ്വന്തം നിലക്കും. എന്നാൽ, ഇപ്പോഴുള്ളതിെൻറ കാൽഭാഗം മാത്രമേ അന്ന് ആളുകൾ ഉണ്ടായിരുന്നുള്ളൂ. ഇന്ന് നാനാ ദിക്കുകളിലും ഞാൻ കാണുന്നത് വൻ ജനക്കൂട്ടത്തെയാണ്. ഇത്തരമൊരു റാലിക്ക് ആദ്യമായാണ് സാക്ഷ്യം വഹിക്കുന്നത്. ഇന്ന് നിങ്ങളുടെ ശക്തി തെളിയിച്ചു. അടുത്ത ചുവടുവെപ്പ് ഏറ്റവും പ്രധാനമാണ്. പോവൂ… വോട്ടു ചെയ്യൂ… മറ്റുള്ളവരെയും കൊണ്ടുപോവൂ…’ -എന്നായിരുന്നു വൻ ആൾക്കൂട്ടത്തെ നോക്കി മോദിയുടെ വാക്കുകൾ.
ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിെൻറ ഏഴാംഘട്ടത്തിൽ ഏപ്രിൽ 26നാണ് അസൻസോളിൽ വോട്ടെടുപ്പ്.