ന്യൂ ഡല്‍ഹി: സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനാവാലയ്ക്ക് ഇന്ത്യയിലുടനീളം വൈ കാറ്റഗറി സുരക്ഷ അനുവദിച്ച് ആഭ്യന്തര മന്ത്രാലയം. ഒന്നോ രണ്ടോ കമാന്‍ഡോകളും പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 11 ഉദ്യോഗസ്ഥര്‍ സുരക്ഷാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
മെയ് 1 മുതല്‍ ആരംഭിക്കുന്ന വാക്സിനേഷന്റെ മൂന്നാം ഘട്ടത്തിന് മുന്നോടിയായാണ് ഈ നീക്കം. സിആര്‍പിഎഫിനാണ് സുരക്ഷാ ചുമതല. കോവിഡ് വാക്സിന് വില വര്‍ധനവിന് പിന്നാലെ പൂനാവാലയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഈ സാഹചര്യത്തിലാണ് സുരക്ഷാ അനുവദിച്ചിരിക്കുന്നത്. ഏപ്രില്‍ 16 ന് എസ്ഐഐ ഡയറക്ടര്‍ പ്രകാശ് കുമാര്‍ സിംഗ് അദാര്‍ പൂനാവാലയ്ക്ക് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.
കോവിഡ് 19 വാക്സിനുകള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പൂനാവാലയ്ക്ക് വിവിധ ആളുകളില്‍ നിന്ന് ഭീഷണി നേരിടുന്നതായി കത്തില്‍ സിംഗ് പരാമര്‍ശിച്ചിരുന്നു.