ബെയ്ജിങ്: കോവിഡിനെതിരെ ചൈന വികസിപ്പിച്ച മറ്റൊരു വാക്സിന് കൂടി ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. മാസങ്ങള്‍ക്ക് മുമ്പ് അനുമതി നല്കിയ ‘സിനോഫാമി’ന്റെ പിന്‍ഗാമിയായി എത്തിയ ‘സിനോവാകി’നാണ് അനുമതി. നിരവധി രാജ്യങ്ങള്‍ ഈ മരുന്ന് നിലവില്‍ ഉപയോഗിച്ചുവരുന്നുണ്ട്.
സുരക്ഷയിലും നിര്‍മാണത്തിലും ഫലപ്രാപ്തിയിലും രാജ്യാന്തര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അംഗീകാരം നല്കിയ ലോകാരോഗ്യ സംഘടന അറിയിച്ചു.
18 വയസ്സില്‍ കൂടുതലുള്ളവര്‍ക്കാണ് നിലവില്‍ ഇത് ഉപയോഗിക്കാനാവുക. പരീക്ഷണങ്ങളില്‍ പങ്കെടുത്ത പകുതിയിലേറെ പേരിലും രോഗം വരാതെ സൂക്ഷിച്ചതായും ഗുരുതരമാകാതെ 100 ശതമാനം പേരെയും സംരക്ഷിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.
അടിയന്തര ഉപയോഗങ്ങള്‍ക്ക് ഒരു ചൈനീസ് വാക്സിന് കൂടി എത്തുന്നതോടെ ആഗോള വിപണിയില്‍ വാക്സിന് ക്ഷാമം ഒരു പരിധി വരെ തടയാനാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍.
ചൈനക്ക് പുറമെ ചിലി, മെക്സിക്കോ, ബ്രസീല്‍, ഇന്തോനേഷ്യ, തായ്ലന്ഡ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ നേരത്തെ ഈ വാക്സിന് ഉപയോഗപ്പെടുത്തിവരുന്നുണ്ട്. മേയ് വരെ 60 കോടി വാക്സിന് ചൈനയിലും വിവിധ രാജ്യങ്ങളിലുമായി വിതരണം ചെയ്തിട്ടുണ്ട്.
രണ്ട് - എട്ട് ഡിഗ്രി സെല്‍ഷ്യസില്‍ റഫ്രിജറേറ്ററുകളില്‍ ഇത് സൂക്ഷിക്കാനാകുമെന്നതാണ് സിനോവാകിന്റെ പ്രധാന ഗുണം. മറ്റുള്ളവ കൂടുതല്‍ തണുപ്പിലേ സൂക്ഷിക്കാനാകൂ.