റിയാദ്: ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജ രേഖാ അറ്റസ്റ്റേഷൻ നടത്തുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികൾക്ക് ജാഗ്രതാ നിർദേശവുമായി റിയാദിലെ ഇന്ത്യൻ എംബസി. രേഖകളുടെ അറ്റസ്റ്റേഷൻ നടപടികൾ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട കേന്ദ്രങ്ങൾ വഴിമാത്രമാണ് നടത്തേണ്ടതെന്നും വ്യാജ അറ്റസ്റ്റേഷൻ വാഗ്ദാനങ്ങളുമായി സമീപിക്കുന്നവരുടെ ചതിയിൽ വീഴരുതെന്നും എംബസി മുന്നറിയിപ്പ് നൽകി.
എംബസിയിലെ കോൺസുലർ ഉദ്യോഗസ്ഥർ മുഖേന മാത്രമാണ് രേഖകളുടെ അറ്റസ്റ്റേഷൻ നടത്തുന്നത്. ഇതിനായി എംബസി നിയോഗിച്ച ഔട്ട്സോഴ്സ് സേവനദാതാക്കളായ വി.എഫ്.എസ് ഗ്ലോബലിന്റെ (VFS Global) കീഴിലുള്ള അംഗീകൃത ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകൾ (ICAC), എംബസി സംഘടിപ്പിക്കുന്ന കോൺസുലർ ക്യാമ്പുകൾ എന്നിവ വഴിയാണ് സേവനം ലഭ്യമാകുക.
അറ്റസ്റ്റേഷൻ സേവനത്തിനുള്ള അപ്പോയിന്റ്മെന്റ് വി.എഫ്.എസ് ഗ്ലോബലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്യണം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്.
സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർ രേഖകളുടെ അറ്റസ്റ്റേഷനായി അംഗീകൃത വി.എഫ്.എസ് കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കണമെന്നും ഇടനിലക്കാരുടെയോ മറ്റ് അനധികൃത ഏജൻസികളുടെയോ വാഗ്ദാനങ്ങളിൽ വിശ്വസിക്കരുതെന്നും എംബസി നിർദേശിച്ചു.
അറ്റസ്റ്റേഷൻ അപ്പോയിന്റ്മെന്റ്:
https://services.vfsglobal.com/sau/en/ind
എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റ്:
https://www.eoiriyadh.gov.in/page/attestation/

