പ്രവാസികളുടെ അവകാശ സംരക്ഷണത്തിന് ലോക പ്രവാസി ഐക്യവേദി; 140 മണ്ഡലങ്ങളിലും നിവേദനം നൽകും

റിയാദ്: പ്രവാസികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനായി ലോകമെമ്പാടുമുള്ള പ്രവാസികളെ ഏകോപിപ്പിച്ച് ലോക പ്രവാസി ഐക്യവേദി പ്രവർത്തനം ആരംഭിച്ചു. നോർക്ക ഇൻഷുറൻസ് പദ്ധതിയിലെ പ്രീമിയം വർധനയും പ്രവാസി ക്ഷേമ പെൻഷൻ മുടങ്ങിയതും പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ ജനാധിപത്യ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് കൂട്ടായ്മയുടെ തീരുമാനം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന പ്രവാസികളെ ഒരേ വേദിയിൽ അണിനിരത്തി, അവർ നേരിടുന്ന പ്രശ്നങ്ങളും അവകാശങ്ങളും കേരള സർക്കാരിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തുകയാണ് ഐക്യവേദിയുടെ പ്രധാന ലക്ഷ്യം.

പ്രവർത്തനങ്ങളുടെ ആദ്യഘട്ടമായി സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധവും ബോധവൽക്കരണവും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലെയും എം.എൽ.എമാർക്കും ബന്ധപ്പെട്ട മന്ത്രിമാർക്കും പ്രവാസികളുടെ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം സമർപ്പിക്കും. പ്രവാസി വിഷയങ്ങളിൽ ഇടപെടുന്ന സന്നദ്ധ സംഘടനകളുടെയും സാമൂഹിക പ്രവർത്തകരുടെയും പിന്തുണയും സഹകരണവും ഉറപ്പാക്കും.

ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി പ്രവർത്തിക്കുന്ന കൂട്ടായ്മയ്ക്ക് വിവിധ മേഖലകളിൽനിന്ന് പിന്തുണ വർധിച്ചുവരികയാണ്. റിയാദിലും വിവിധ ജി.സി.സി രാജ്യങ്ങളിലുമായി പ്രവർത്തിക്കുന്ന സന്നദ്ധ സാമൂഹിക പ്രവർത്തകരെയും പ്രവാസി കൂട്ടായ്മകളെയും ഏകോപിപ്പിച്ച് പ്രവാസികളുടെ പ്രശ്നങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുമെന്ന് ലോക പ്രവാസി ഐക്യവേദി പ്രതിനിധി അബ്ദുൽ മജീദ് പൂളക്കാടി മാധ്യമങ്ങളോട് പറഞ്ഞു.

പ്രവാസികളുടെ പ്രശ്നങ്ങൾ പ്രതിഷേധങ്ങളിൽ മാത്രം ഒതുക്കാതെ, അവരുടെ ആവശ്യങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ മുന്നിലെത്തിക്കുകയും അനുകൂല തീരുമാനങ്ങൾ ഉണ്ടാകുന്നതുവരെ ജനാധിപത്യപരമായ ഇടപെടലുകൾ തുടരുകയുമാണ് ഐക്യവേദിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ചർച്ചയിൽ ഡോ. അബ്ദുൽ ഖാദർ, സത്താർ ഒലിപ്പുഴ, മജീദ് തിരൂർ, ഗഫൂർ കൊയിലാണ്ടി, നിഹാസ് പാനൂർ, ശരീഫ് തട്ടത്താഴം തുടങ്ങിയവർ പങ്കെടുത്തു.

spot_img

Related Articles

Latest news