കൊച്ചി: മെട്രോ റെയില്‍ കാക്കനാട്ടേക്ക് നീട്ടുമ്പോള്‍ കടകള്‍ നഷ്ടമാകുന്ന വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വിവിധ യൂനിറ്റുകള്‍ സംയുക്തമായി ചൊവ്വാഴ്ച കടയടപ്പ് സമരം നടത്തും. രാവിലെ ഒമ്ബതു മുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് കടകള്‍ അടക്കുന്നത്.
വാഴക്കാല, പാലാരിവട്ടം, പാടിവട്ടം, കാക്കനാട് യൂനിറ്റുകളും മെട്രോ ആക്ഷന്‍ കൗണ്‍സിലും കെട്ടിട-സ്ഥലമുടമകളും സംയുക്തമായി ചെമ്ബുമുക്കില്നിന്ന് കലക്ടറേറ്റിലേക്ക് നടത്തുന്ന പ്രതിഷേധ റാലി ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് ടി.ബി. നാസര്‍ നയിക്കും. കലക്ടറേറ്റില്‍ നടക്കുന്ന പ്രതിഷേധ യോഗം പി.ടി. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.