കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാരെ ഒരു സംഘം മർദിക്കുന്നതിന്‍റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്ത്. പതിനഞ്ചോളം വരുന്ന സംഘമാണ് മർദനം നടത്തിയത്. സൂപ്രണ്ടിനെ കാണാൻ വന്നവരെ തടഞ്ഞെന്നാരോപിച്ചായിരുന്നു മർദനം. പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് വിശദമായ മൊഴിയെടുത്തു.
സൂപ്രണ്ട് ഓഫീസിലേക്ക് പോവണമെന്നാവശ്യപെട്ട് രാവിലെ എത്തിയ ദമ്പതികളെ സുരക്ഷാ ജീവനക്കാരൻ തടഞ്ഞതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. പിന്നാലെ 9.30 ഓടെ പതിനഞ്ചംഗ സംഘമെത്തി സുരക്ഷാ ജീവനക്കാരെ മർദിക്കാൻ തുടങ്ങി. പലരും ഹെൽമെറ്റും മാസ്കും ഉപയോഗിച്ച് മുഖം മറച്ചിരുന്നു. സിപിഎം പ്രവര്‍ത്തകരുള്‍പ്പെട്ട സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം.