ഇറ്റാലിയന്‍ ആഡംഭര സ്പോര്‍ട്സ് കാറായ ഫെറാറിക്ക് ലോകത്താകമാനം ലക്ഷക്കണക്കിന് ആരാധകരുണ്ട്. അത്രമേല്‍ സൗന്ദര്യവും പ്രൗഢിയും തോന്നിപ്പിക്കുന്ന ഫെറാറിയുടെ പേര് ചെറിയ കുട്ടികളുടെ നാവില്‍ പോലും എപ്പോഴും കേള്‍ക്കാവുന്നതാണ്.
ഇത്തരം ആരാധകര്‍ക്കെല്ലാം അല്‍ഭുതം സമ്മാനിക്കുന്ന ഒന്നാണ് അബൂദബിയിലെ ‘ഫെറാറി വേള്‍ഡ്’. ഫെറാറി കാറിന്റെ രൂപത്തില്‍ നിര്‍മിച്ച പടുകൂറ്റന്‍ പാര്‍ക്കാണിത്. 2010ലാണ് ആരാധക ലോകത്തിനായി ഇത് തുറക്കുന്നത്.
ഫെറാറിയെ ആഘോഷമാക്കുന്ന അതിഗംഭീരമായ ഒരു നിര്‍മിതി എന്നതിനപ്പുറത്ത് ഇത് അബൂദബിയിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ വിനോദ സഞ്ചാര കേന്ദ്രമാണിത്. നിരവധി ത്രില്ലിങ് റൈഡുകള്‍, കുടുംബങ്ങള്‍ക്ക് ഒത്തൊരുമിച്ച് ചിലവഴിക്കാവുന്ന പാര്‍ക്ക്, അത്യാധുനിക ആര്‍ട് സിമുലേറ്ററുകള്‍, ലൈവ് ഷോകള്‍, സീസണല്‍ പരിപാടികള്‍ എന്നിങ്ങനെ നിരവധി ആകര്‍ഷണീയതകള്‍ ഇതിനുണ്ട്. ഉല്‍സവ കാലങ്ങളിലും ആഘോഷദിവസങ്ങളിലും ലോകോത്തരമായ നിരവധി കലാപ്രകടനങ്ങള്‍ക്ക് ഇത് വേദിയാകാറുണ്ട്.
ലോകത്തിലെ ഏറ്റവും വേഗതയേറിയ റോളര്‍ കോസ്റ്ററായ ഫോര്‍മുല റോസയുടെയും റെക്കോര്‍ഡ് നേടിയ റോളര്‍ കോസ്റ്റര്‍ ഫ്ലയിംഗ് എയ്സസ് എന്നിവയും സ്ഥിതി ചെയ്യുന്നുണ്ട് ഫെരാരി വേള്‍ഡ് അബുദാബിയില്‍. റെയില്‍പാത പോലുള്ള റോളര്‍ കോസ്റ്റിലെ അതിവേഗ റൈഡിങ് ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. ആകെ 43ലേറെ റൈഡുകളും വിനോദ സംവിധാനങ്ങളും ഇവിടെയുണ്ട്.
2020ല്‍ ഇവിടെ ആവേശകരമായ സാഹസികത ആഗ്രഹിക്കുന്നവര്‍ക്കായി റൂഫ് വാക്ക്, സിപ്പ് ലൈന്‍ എന്നിവ സജ്ജീകരിച്ചു. സിപ്പ് ലൈന്‍ മറ്റു പല സ്ഥലങ്ങളിലും ലഭ്യമാണെങ്കിലും ‘റൂഫ് വാക്ക്’ തികച്ചും അപൂര്‍വമാണ്. സന്ദര്‍ശകര്‍ക്ക് പാര്‍ക്കിന്റെ ചുവന്ന മേല്‍ക്കൂരയിലൂടെ നടക്കാനും യാസ് ദ്വീപിന്റെ അതിമനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാനും ഇതിലൂടെ കഴിയും. ഓരോരുത്തര്‍ക്കും ഒരിക്കലും മറക്കാനാവാത്ത ഓര്‍മകള്‍ സമ്മാനിക്കുന്നതാണ് ഈ നടത്തം.
പാര്‍ക്കിലെ ഫാമിലി സോണ്‍ മറ്റൊരു സുപ്രധാന ആകര്‍ഷണമാണ്. എല്ലാ പ്രായത്തിലുമുള്ള അതിഥികള്‍ക്കും ആസ്വദിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഫാമിലി സോണില്‍ തീം പാര്‍ക്കിലെ ഏറ്റവും മികച്ച റെക്കോര്‍ഡ് ബ്രേക്കിങ് റൈഡുകളുടെ നാല് മിനിയേച്ചര്‍ പതിപ്പുകള്‍ ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങളോടൊപ്പം എത്തുമ്ബോള്‍ ഇവിടം കാണാതെ പോകുന്നത് ശരിക്കും ഒരു നഷ്ടമായിരിക്കും.
കഴിഞ്ഞ 12വര്‍ഷത്തിനിടയില്‍ ഫെറാരി വേള്‍ഡ് അബുദാബിയെ 45-ലധികം അവാര്‍ഡുകള്‍ നേടിക്കഴിഞ്ഞിട്ടുണ്ട്. ഇവ പലതും ലോകോത്തര ഇന്‍ഡസ്ട്രിയല്‍ അവാര്‍ഡുകളാണ്. അടുത്തിടെ ലഭിച്ച ഇന്റര്‍നാഷണല്‍ ട്രാവല്‍ അവാര്‍ഡ് ചടങ്ങില്‍ പാര്‍ക്ക് ‘മിഡില്‍ ഈസ്റ്റിലെ മികച്ച ടൂറിസ്റ്റ് ആകര്‍ഷണം’ ആയി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. ‘ലോകത്തിലെ പ്രമുഖ തീം പാര്‍ക്ക് 2021’, ‘മിഡില്‍ ഈസ്റ്റിലെ പ്രമുഖ തീം പാര്‍ക്ക് 2021’ എന്നവയും നേടി. പാര്‍ക്കിന്റെ റൂഫ് വാക്ക്, സിപ്പ് ലൈന്‍ അനുഭവങ്ങള്‍ ബ്ലൂലൂപ്പ് ഇന്നൊവേഷന് അവാര്‍ഡില്‍ ഗോള്‍ഡ് മെഡലും നേടി.