സ്‌കൂബാ ഡൈവര്‍ മാത്രമല്ല; വാള്‍പ്പയറ്റുമറിയാം

രാഹുല്‍ ഗാന്ധിയെ കുറിച്ച്‌ അറിയപ്പെടാത്ത കാര്യങ്ങള്‍

കൊല്ലത്ത് മീന്‍പിടിത്തക്കാര്‍ക്കൊപ്പം കടലില്‍ച്ചാടിയ രാഹുല്‍ഗാന്ധിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. അഭിനന്ദനങ്ങള്‍ക്കൊപ്പം രാഹുലിനെ കോണ്‍ഗ്രസുകാര്‍ വേഷം കെട്ടിക്കുകയാണ്, സുരക്ഷ നോക്കാതെയാണ് കോണ്‍ഗ്രസുകാര്‍ ഈ സാഹസത്തിന് മുതിര്‍ന്നത് എന്നൊക്കെയുള്ള വിമര്‍ശങ്ങളും ശക്തമായിരുന്നു. ലൈഫ് ജാക്കറ്റ് പോലും ധരിക്കാതെയാണ് രാഹുല്‍ കടലിലേക്ക് പോയത് എന്നും ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

യഥാര്‍ത്ഥത്തില്‍ കടലിലെ നീന്തലില്‍ നല്ല വൈഭവമുള്ള രാഷ്ട്രീയ നേതാവാണ് രാഹുല്‍. സഹോദരി പ്രിയങ്ക ഗാന്ധി ഇതേക്കുറിച്ച്‌ ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നീന്തല്‍ കൂടാതെ നിരവധി കായിക അഭ്യാസങ്ങളില്‍ വിദഗ്ധനാണ് രാഹുല്‍ഗാന്ധി.

ജാപ്പനീസ് ആയോധന കലയായ ഐകിഡോയില്‍ ബ്ലാക് ബെല്‍റ്റ് നേടിയ മാസ്റ്ററാണ് രാഹുല്‍. ഇതിന്റെ ചിത്രങ്ങള്‍ ഒരിക്കല്‍ രാഹുല്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ന്യൂഡല്‍ഹിയില്‍ ഒരു ബിസിനസ് പുരസ്‌കാര വേദിയില്‍ ഒളിമ്പിക് മെഡല്‍ ജേതാവ് വിജേന്ദര്‍ സിങിനോട് സംസാരിക്കവെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞിരുന്നത്. 2013ലാണ് രാഹുല്‍ ഐകിഡോയില്‍ ബ്ലാക് ബെല്‍റ്റ് എടുത്തത്.

കൂടാതെ, ബ്രസീലിലെ സ്വയം പ്രതിരോധ ആയോധനകലയായ ജിയു ജിത്സുവിലും രാഹുല്‍ പരിശീലനം നേടിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ഐകിഡോ കോച്ച്‌ സെന്‍സായി പരിതോസ്കാര്‍ ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. വാള്‍പ്പയറ്റിലും നിപുണനാണ് രാഹുല്‍. 2017ല്‍ നല്‍കിയ അഭിമുഖത്തില്‍ പരിതോസ്കര്‍ തന്നെയാണ് ഇക്കാര്യവും പറഞ്ഞത്.

സ്‌കൂബാ ഡൈവ് മാസ്റ്ററാണ് രാഹുല്‍. 38 മീറ്റര്‍ ഫ്രീഡൈവ് ചെയ്യാന്‍ പറ്റും എന്നാണ് രാഹുല്‍ പറഞ്ഞത്. ഒരുപാട് കാലം ഇതു ചെയ്തിട്ടുണ്ടെന്നും രാഹുല്‍ വ്‌ളോഗര്‍ സെബിന്‍ സിറിയകുമായി നടത്തിയ സംസാരത്തില്‍ പറയുന്നു. പര്‍വതാരോഹണ കോഴ്‌സും രാഹുല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ടെലഗ്രാഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക ഗാന്ധിയാണ് ഇക്കാര്യം പറഞ്ഞിരുന്നത്. ക്വാളിഫൈഡ് പൈലറ്റ് കൂടിയാണ് രാഹുല്‍ എന്നും പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു.

spot_img

Related Articles

Latest news