കോഴിവില കുത്തനെ താഴ്ന്നു, തിരിച്ചടിക്ക് പിന്നില്‍ ഇക്കാരണങ്ങള്‍, പ്രവാസികളും പ്രതിസന്ധിയില്‍
കടുത്ത വേനല്‍ച്ചൂടിന് പിന്നാലെ പാചകവാതക വിതരണത്തിലുണ്ടായ പ്രതിസന്ധിയും ചേർന്നതോടെ വടക്കഞ്ചേരി മേഖലയിലെ കോഴി കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്.ഒരാഴ്ചയ്ക്കിടെ കോഴി വിലയില്‍ ഉണ്ടായ വൻ ഇടിവാണുണ്ടായത്.
പാചകവാതക സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ മേഖലയിലെ ഭൂരിഭാഗം ഹോട്ടലുകളും അടച്ചുപൂട്ടി. തുറന്നു പ്രവർത്തിക്കുന്നവയാകട്ടെ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയതോടെ ചിക്കൻ വിഭവങ്ങള്‍ കുറഞ്ഞു. ഇതിനു പുറമേ കടുത്ത വേനലില്‍ ചൂട് വർധിച്ചതോടെ ഇറച്ചി ഉപഭോഗം പൊതുവേ കുറയുകയും ചെയ്തു. കൂടാതെ, ഉയർന്ന താപനില കാരണം ഫാമുകളില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതും കർഷകർക്ക് ഇരുട്ടടിയായി. മാർച്ച് 24ന് കിലോയ്ക്ക് 124 രൂപയുണ്ടായിരുന്ന ഫാം റേറ്റ് വെറും ഒരാഴ്ച കൊണ്ട് 90 രൂപയിലേക്ക് താഴ്ന്നു. ചിലസ്ഥലങ്ങളില്‍ 100 മുതല്‍ 110 രൂപ വരെയുണ്ട്. കോഴിക്കുഞ്ഞുങ്ങള്‍ക്കും വില കുറഞ്ഞു. ഇപ്പോള്‍ 13 രൂപക്കാണ് കുഞ്ഞുങ്ങളെ ലഭിക്കുന്നത്. 48 രൂപയ്ക്ക് വങ്ങിയ കുഞ്ഞുങ്ങളെയാണ് ഇങ്ങനെ വില്‍ക്കേണ്ടി വരുന്നത്.
വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി സ്വയംതൊഴിലായി കോഴി വളർത്തല്‍ തിരഞ്ഞെടുത്ത പ്രവാസികളാണ് പ്രതിസന്ധിയില്‍ ഏറ്റവുമധികം ഉലയുന്നത്. കോഴി വളർത്തലിനെ ‘കൃഷി’ ഗണത്തില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ ബാങ്ക് വായ്പകളിലും ഇൻഷ്വറൻസ് പരിരക്ഷയിലും അർഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. ഫാമുകളില്‍ കോഴികള്‍ കെട്ടിക്കിടക്കുകയാണ്. തീറ്റച്ചെലവ് വർധിക്കുകയും വില കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ഈ മേഖല പാടെ തകരുമെന്നതാണ് അവസ്ഥ. നിലവിലെ സാഹചര്യം തുടർന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ഫാമുകള്‍ പൂട്ടേണ്ടി വരുമെന്ന ആശങ്കയിലാണ് കർഷകർ. കോഴി വളർത്തല്‍ കൃഷിയായി അംഗീകരിക്കുകയും പ്രതിസന്ധി ഘട്ടത്തില്‍ കർഷകർക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുകയും ചെയ്യണമെന്ന് കേരള പൗള്‍ട്രി ഫാർമേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പാചകവാതക വിതരണത്തിലെ തടസ്സങ്ങള്‍ നീക്കാൻ അടിയന്തര നടപടി സ്വീകരിക്കുകയും വേണം.

