കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ആഗോള കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ വിപുലമായ പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിനായി ‘കേരള നോളജ് വാലി’ പദ്ധതിക്ക് 100 കോടി രൂപ സർക്കാർ വകയിരുത്തി.
ഉന്നത വിദ്യാഭ്യാസ രംഗത്ത് റാങ്കിംഗില്‍ മുന്നിലുള്ള ലോകോത്തര സർവകലാശാലകളുടെ കേന്ദ്രങ്ങള്‍ കേരളത്തിലെത്തിക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികള്‍ക്ക് പഠനത്തിനായി വിദേശത്തേക്കോ മറ്റ് സംസ്ഥാനങ്ങളിലേക്കോ പോകേണ്ട സാഹചര്യം ഒഴിവാക്കി, അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം കേരളത്തില്‍ തന്നെ ലഭ്യമാക്കും.
ആദിവാസി വിഭാഗത്തിലെ വിദ്യാർത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വയനാട്ടില്‍ ട്രൈബല്‍ യൂണിവേഴ്സിറ്റി സ്ഥാപിക്കും. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങള്‍ക്കായി 50 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. കേരളത്തിലെ യുവാക്കളെ സംസ്ഥാനത്ത് തന്നെ നിലനിർത്താനും, അവരുടെ നൈപുണ്യത്തെ ആഗോള തൊഴില്‍ വിപണിക്ക് അനുസൃതമായി വളർത്തിയെടുക്കാനുമുള്ള സമഗ്രമായ ഇടപെടലുകളാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സർക്കാർ ഉദ്ദേശിക്കുന്നത്.

