ഖോബാർ: വിസ്ഡം യൂത്ത് വിങ് ഖോബാർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഖോബാർ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ സംഘടിപ്പിച്ച ‘യുവപഥം’ പരിപാടി ശ്രദ്ധേയമായി. “സമർപ്പിത യൗവനം, പരലോക മോക്ഷത്തിന്…” എന്ന പ്രമേയത്തിൽ യുവാക്കൾക്കായി സംഘടിപ്പിച്ച പ്രോഗ്രാമിൽ നിരവധിയാളുകൾ പങ്കെടുത്തു.
ആധുനിക ജീവിതത്തിൽ മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ മാനസിക സമ്മർദ്ദങ്ങളെ എങ്ങനെ അതിജീവിക്കാം എന്നതിനെക്കുറിച്ച് “ടെൻഷൻ ഇല്ലാത്ത ജീവിതം” എന്ന വിഷയത്തിൽ പ്രമുഖ പണ്ഡിതൻ ഇഹ്സാൻ അൽ ഹികമി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. യഥാർത്ഥ സമാധാനവും സന്തോഷവും കണ്ടെത്താൻ ആത്മീയമായ അടിത്തറയും ജീവിതത്തോടുള്ള നല്ല കാഴ്ചപ്പാടും എത്രത്തോളം അനിവാര്യമാണെന്ന് അദ്ദേഹം തന്റെ പ്രഭാഷണത്തിലൂടെ ഓർമ്മിപ്പിച്ചു.
ചടങ്ങിൽ സാബിത് മജീദ് സ്വാഗതഭാഷണം നടത്തി. പരിപാടിയിൽ പങ്കെടുത്തവർക്കായി വിപുലമായ സൗകര്യങ്ങളാണ് സംഘാടകർ ഒരുക്കിയിരുന്നത്. പ്രത്യേകിച്ച് സഹോദരിമാർക്കായി പ്രത്യേക ഇരിപ്പിട സൗകര്യവും ക്രമീകരിച്ചിരുന്നു. പ്രോഗ്രാമിന് ശേഷം പങ്കെടുത്തവർക്കായി അത്താഴ വിരുന്നും ഉണ്ടായിരുന്നു. ചടങ്ങിന് ഷൈജൽ നന്ദി രേഖപ്പെടുത്തി

