മുക്കം: മുക്കത്ത് രണ്ടര കിലോയിലധികം എംഡിഎംഎ പിടികൂടിയ കേസിൽ ഒരു സ്ത്രീയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം മാങ്ങാപൊയിൽ സ്വദേശിനിയായ ഖദീജ (40)യെയാണ് താമരശ്ശേരി ഡിവൈഎസ്പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇക്കഴിഞ്ഞ ഏപ്രിൽ 2-ന് മുക്കം അഗസ്ത്യമുഴിയിൽ നിന്നാണ് മുണ്ടുപാറ പുല്ലമ്പാടിപ്പറമ്പിൽ മുഹമ്മദ് ഹനീഫ (36)യെ 517 ഗ്രാം എംഡിഎംഎയുമായി ഡാൻസാഫ് സംഘം പിടികൂടിയത്. തുടർന്ന് അതേ ദിവസം മുത്താലത്തുള്ള ഹനീഫയുടെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ 2.306 കിലോഗ്രാം എംഡിഎംഎ കൂടി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ബേപ്പൂർ സ്വദേശിനിയായ റൈഹാനത്തെയും അന്ന് അറസ്റ്റ് ചെയ്തിരുന്നു. തുടർ അന്വേഷണത്തിൽ ഹനീഫ ബംഗളൂരും ഡൽഹിയും കേന്ദ്രീകരിച്ച് വൻതോതിൽ എംഡിഎംഎ കേരളത്തിലേക്ക് കടത്തി വിൽപ്പന നടത്തിയതായി പോലീസ് കണ്ടെത്തി.
സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ ലഹരി വേട്ടകളിലൊന്നായിരുന്നു മുക്കത്തെ ഈ പിടികൂടൽ.
ഹനീഫയുടെ നാട്ടുകാരിയും അടുത്ത സുഹൃത്തുമായ ഖദീജയുടെ അക്കൗണ്ടിലൂടെയാണ് മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട പണമിടപാടുകൾ നടന്നിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഫാഷൻ ഡിസൈനറാണ് ഖദീജ.
മെയ് 23-ന് ഹനീഫയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഡോദരയിൽ ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടിരുന്നു. പിന്നീട് പത്താം ദിവസം കർണാടകയിലെ കൽബുർഗിയിൽ നിന്നാണ് ഇയാളെ വീണ്ടും പോലീസ് പിടികൂടിയത്.
കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ശേഷമുള്ള ദിവസങ്ങളിൽ ഹനീഫയ്ക്ക് വേണ്ടി ഖദീജ ഒന്നരലക്ഷത്തോളം രൂപ സാമ്പത്തിക സഹായം നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തി.
കോഴിക്കോട് റൂറൽ എസ്.പി ജോസഫിന്റെ മേൽനോട്ടത്തിലാണ് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ഖദീജയെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു.
മുക്കം ഇൻസ്പെക്ടർ നിബിൻ ജോയ്, എഎസ്ഐമാരായ അബ്ദുൽ റഷീദ്, മുംതാസ്, സീനിയർ സിപിഒ ബിനോയ് വിശ്വം, സിപിഒ ജിഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

