മഴ കനക്കുന്നു; കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും; മൂന്ന് മരണം; ഒരാളെ കാണാതായി; വീടുകള്‍ തകര്‍ന്നു; റോഡുകള്‍ മുങ്ങി.

സംസ്ഥാനത്തെ മലയോര മേഖലകളില്‍ പെയ്ത അതിശക്തമായ മഴ വന്‍ ദുരന്തമായി. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും മൂന്ന് പേര്‍ മരിച്ചു.ഒരാളെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. വ്യാപകമായ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവയെ തുടര്‍ന്ന് മലയോര മേഖലകളിലെ ജനജീവിതം പൂര്‍ണമായും താറുമാറായി.

ഇടുക്കി കുടയത്തൂര്‍ അടൂര്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കുടയത്തൂര്‍ ഏഴാം വാര്‍ഡിലെ മഷിക്കല്ലേല്‍ സുമതി മരിച്ചു. ഒരു വീട് പൂര്‍ണമായും മണ്ണിനടിയിലായപ്പോള്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. കൊക്കയാര്‍ ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി. വാഗമണ്‍ കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ സംഭവത്തില്‍ കുടുങ്ങിക്കിടന്ന വൈക്കം സ്വദേശി പ്രഭാകരന്‍ നായര്‍ (72) മരിച്ചതായി സ്ഥിരീകരിച്ചു.

കോട്ടയം പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്ത് ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന സംഭവത്തില്‍ ഒരാളുടെ മൃതദേഹവും കണ്ടെത്തി. പൂഞ്ഞാറില്‍ വീടുകള്‍ക്ക് മുകളിലേക്ക് വീണ്ടും മണ്ണിടിഞ്ഞുവീണ് ആളുകള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. കാണാതായവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കോട്ടയം ജില്ലയിലെ തീക്കോയി, ഈരാറ്റുപേട്ട, പൂഞ്ഞാര്‍, കൂട്ടിക്കല്‍, പെരിങ്കുളം എന്നിവിടങ്ങളില്‍ അര്‍ധരാത്രിയോടെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മുന്‍ എം.എല്‍.എ പി.സി. ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീടിന്റെ ഒന്നാം നില വരെ വെള്ളം കയറി.

ഈരാറ്റുപേട്ട നഗരവും മൊയ്ദീന്‍പള്ളി പ്രദേശവും വെള്ളത്തിനടിയിലായതോടെ പാലാ-ഈരാറ്റുപേട്ട റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിലച്ചു. മീനച്ചിലാറിലും പാലാ നഗരത്തിലും ജലനിരപ്പ് അപകടകരമായി ഉയരുകയാണ്. ഇടുക്കി തൊടുപുഴ ആലക്കോട് രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കൊടക്കച്ചിറയില്‍ മാര്‍ട്ടിന്റെയും പാറക്കല്‍ മനോജിന്റെയും വീടുകളാണ് നിലംപരിശായത്. ബിനു, മാര്‍ട്ടിന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

പത്തനംതിട്ട റാന്നി മേഖലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 300 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചതായി ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍ അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് മൂഴിയാര്‍ ഡാം ഭാഗികമായി തുറന്നു. അറ്റകുറ്റപ്പണിക്കായി തുറന്നിട്ടിരിക്കുന്ന മണിയാര്‍ ഡാമിലെ ഷട്ടറുകളിലൂടെയും വെള്ളം ഒഴുക്കിവിടുന്നുണ്ട്. കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലയിലും കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരംചെങ്കോട്ട പാതയിലെ കുളത്തൂപ്പുഴ മുപ്പതടി പാലത്തില്‍ വെള്ളം കയറിയതോടെ മലയോര ഹൈവേയിലൂടെ ഗതാഗതം തടസ്സപ്പെട്ടു.

കുളത്തൂപ്പുഴ ചോഴിയക്കോട് മില്‍പ്പാലം പ്രദേശത്തെ നിരവധി വീടുകളിലേക്ക് വെള്ളം കയറിയ സാഹചര്യത്തില്‍ താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ അധികൃതര്‍ നടപടി ആരംഭിച്ചു. മഴയുടെ തീവ്രത തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

spot_img

Related Articles

Latest news