ലക്ഷക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന ജിസിസി രാജ്യമാണ് സൗദി അറേബ്യ. ഇവിടെയുള്ള വിമാനത്താവളങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന സർവീസ് വർധിപ്പിക്കണം എന്ന ആവശ്യം ശക്തമാണ്. ഇതിനിടെയാണ് വ്യത്യസ്തമായ വിവരം വന്നിരിക്കുന്നത്. സൗദി അറേബ്യയുടെ ഇതുമായി ബന്ധപ്പെട്ട ആവശ്യം കേന്ദ്ര സർക്കാർ തള്ളി എന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയിൻ്റ് ഓഫ് കാൾ (പിഒസി) പദവി നൽകണം എന്നായിരുന്നു സൗദിയുടെ ആവശ്യം. സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്ക് സൗദി വിമാനങ്ങൾക്ക് സർവീസ് നടത്താനുള്ള അനുമതിക്ക് വേണ്ടിയാണിത്. സൗദിയുടെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളി എന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹോൾ പാർലമെൻ്റിനെ അറിയിച്ചു.

