കണ്ണൂര്‍: കണ്ണൂരില്‍ വ്യാജ ആധാര്‍ കാര്‍ഡുമായി അഞ്ച് ബംഗ്ലാദേശ് സ്വദേശികള്‍ പിടിയില്‍. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള സ്പായില്‍ ജോലിക്കെത്തിയവരാണ് പിടിയിലായത്. ഗുവാഹത്തിയില്‍ നിന്ന് സംഘടിപ്പിച്ച വ്യാജ ആധാര്‍ കാര്‍ഡും മറ്റ് വ്യാജ രേഖകളും ഉപയോഗിച്ചാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. പിടിയിലായ അഞ്ച് പേരും സ്ത്രീകളാണ്. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് ഇവരെ പിടികൂടിയത്.
സലീന അക്തര്‍, നസ്മ അക്തര്‍, തസ്ലിമ, മൊയ്ന, നസ്രിന് എന്നിവരാണ് കണ്ണൂരില്‍ എത്തിയത്. ജൂലൈയിലാണ് ഇവര്‍ കേരളത്തിലേക്ക് അനധികൃതമായി കടന്നത്.ബംഗാള്‍ സ്വദേശികളെന്ന വ്യാജേനയാണ് ഇവര്‍ ജോലിയില്‍ പ്രവേശിച്ചത്. ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് പേരെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം സംശയത്തിന്റെ അടിസ്ഥാനത്തില്‍ സലീനയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച കൂടുതല്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പിന്നീടുള്ള അന്വേഷണം പുരോഗമിച്ചത്.

